കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. രണ്ടാം മത്സരത്തിൽ മികച്ച കളി പുറത്തെടുത്തെങ്കിലും ജാംഷഡ്പൂർ എഫ്സിയോട് സമനിലയിൽ പിരിയാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. നിശ്ചിതസമയത്ത് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല.

ബെർബറ്റോവിനെ പ്ലെമേക്കർ റോളിലേക്ക് മാറ്റി ആക്രമണ ശൈലി പുറത്തെടുത്ത മ്യൂലസ്റ്റന്റെ തന്ത്രം ശരിവെക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്രെ ആദ്യ പകുതിയിലെ പ്രകടനം. മധ്യനിരയിലേക്ക് ഇറങ്ങി കളിമെനഞ്ഞ ബെർബറ്റോവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. പത്താം മിനുറ്റിൽ ഇയാൻ ഹ്യൂം നൽകിയ ഒന്നാന്തരമൊരു ക്രോസ് ഗോളാക്കി മാറ്റാൻ സി.കെ വിനീതിന് കഴിഞ്ഞില്ല. അളന്ന് കുറിച്ച് നൽകിയ ക്രോസ് വിനീത് ഹെഡ് ചെയ്തത് ബാറിന് മുകളിലൂടെ പോയി. 15 ആം മിനുറ്റിൽ ബെർബറ്റോവിന്റെ ഒരു സാഹസിക ഷോട്ട് സുബ്രതോപാൽ സാഹസീകമായാണ് കുത്തിയകറ്റിയത്.

ഒറ്റപ്പെട്ട ചില അവസരങ്ങൾ ജാംഷഡ്പൂർ എഫ്സിക്കും ലഭിച്ചിരുന്നു. എന്നാൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ വൻമതിൽ റച്ചൂബ്ക്ക ഈ ശ്രമങ്ങളെയെല്ലാം തകർത്തു. മുപ്പതാം മിനുറ്റിൽ മേഴ്സൺ ഡിമോറയുടെ ഫ്രീക്കിക്ക് റച്ചൂബ്ക്ക കുത്തിയകറ്റുകയായിരുന്നു. എന്നാൽ ആദ്യപകുതിയിൽ നേടിയ മുൻതൂക്കം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ആവർത്തിക്കാനായില്ല. ബെർബറ്റോവ് ക്ഷീണിതനായപ്പോൾ ആക്രമണത്തിന്റെ മുന ഒടിഞ്ഞു.

ഇയാൻ ഹ്യൂമിന് പകരം സിഫിയോണിസിനെയും, ജാക്കി ചന്ദിന് പകരം പ്രശാന്തിനെയും ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ വിജയം തട്ടിയെടുക്കാൻ ബെൽഫോർട്ട് ശ്രമിച്ചെങ്കിലും റച്ചൂബ്ക്ക രക്ഷകനായി. ബെൽഫോർട്ടിന്റെ തകർപ്പൻ ഒരു ഹെഡർ അതിസാഹസികമായാണ് റച്ചൂബ്ക്ക രക്ഷിച്ചത്. കളി ശൈലിയിൽ ഏറെ മെച്ചപ്പെട്ടെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ തലവേദന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ