എറണാകുളം: നാലാം സീസണിലെ ആദ്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. വിയർത്ത് കളിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയിലേക്ക് തള്ളി വിട്ടു. നാലാം സീസണിലെ ആദ്യ ഗോളിനായുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് മാർക്ക് സിഫ്നിയോസ് അവസാനിപ്പിച്ചെങ്കിലും ബൽവന്ത് സിങിന്റെ ഗോളിലൂടെ മുംബൈ സിറ്റി എഫ്സി സമനില പിടിക്കുകയായിരുന്നു. രണ്ടാം മഞ്ഞകാർഡ് കണ്ട് സി.കെ വിനീത് പുറത്തായത് കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടായി.

ആദ്യ ജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇയാൻ ഹ്യൂമിനെ ബെഞ്ചിൽ ഇരുത്തിയാണ് കളത്തിൽ ഇറങ്ങിയത്. ഹ്യൂമിന് പകരം 22 വയസ്സുകാരനായ മാർക്ക് സിഫ്നിയോസാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ചത്. എന്നാൽ റെനെ മ്യൂലസ്റ്റന്റെ ഈ നീക്കം ശരിവെച്ച് കൊണ്ട് സിഫ്നിയോസ് 13 ആം മിനുറ്റിൽ മുംബൈ സിറ്റിയുടെ വലകുലുക്കി. വലത് വിങ്ങിൽ നിന്ന് റിനോ ആന്റോ നൽകിയ ക്രോസ് വലയിലേക്ക് തിരിച്ച് വിട്ടാണ് സിഫ്നിയോസ് എതിരാളിയുടെ വലതുളച്ചത്.

ലീഡ് ഉയർത്താൻ കേരളത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. 26 ആം മിനുറ്റിൽ സി.കെ വിനീത് തൊടുത്ത ഷോട്ട് മുംബൈ ഗോളി അർമീന്ദർ സിങ് വളരെ പണിപ്പെട്ടാണ് കുത്തിയകറ്റിയത്. 55 ആം മിനുറ്റിൽ സി.കെ വിനീത് ഒരു സുവർണ്ണാവസരം കൂടി നഷ്ടപ്പെടുത്തി. ലാൽറുഅറ്റാറ നൽകിയ പാസിൽ വിനീത് തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പോവുകയായിരുന്നു.

സമനില ഗോളിനായി മുംബൈ സിറ്റിയും വിയർത്തു കളിച്ചതോടെ മത്സരം ആവേശകരമായി. 56 ആം മിനുറ്റിൽ സ്ട്രൈക്കർ എവർട്ടൺ തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ വൻമതിൽ റച്ചൂബ്ക്ക തട്ടിയകറ്റുകയായിരുന്നു. എന്നാൽ 76 ആം മിനുറ്റിൽ കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് ബൽവന്ത് സിങ് റച്ചൂബ്ക്കയെ കീഴടക്കി. സ്ട്രൈക്കർ എവർട്ടൺ നൽകിയ ക്രോസ് പോസ്റ്റിന്റെ ഇടത് മൂലയിൽ അടിച്ച് കയറ്റി ബൽവന്ത് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ചു.

കളി തീരാൻ മിനുറ്റുകൾ ശേഷിക്കെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് സി.കെ വിനീത് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ചുവപ്പ് കാർഡ് കണ്ടതോടെ സി.കെ വിനീതിന് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ