കൊച്ചി: ആദ്യ പകുതിയിൽ നായകൻ ബെർത്തലോമ്യോ ഓഗ്ബച്ചെ നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിൽ പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ തന്നെ ഗോൾ മടക്കിയാണ് നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ പിടിച്ചത്. ഇതോടെ രണ്ടാം ജയത്തിനായുള്ള ബ്ലാസ്റ്റേഴ്സ് കാത്തിരിപ്പ് വീണ്ടും നീളും. നോർത്ത് ഈസ്റ്റിന് വേണ്ടി അസമോവ ഗ്യാനാണ് ഗോൾ നേടിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഓഗ്ബച്ചെയുടെ മുന്നേറ്റം തടയുന്നതിനായി ഹൈലാൻഡർ ഗോൾകീപ്പർ സുഭാഷിഷ് റോയി നടത്തിയ ശ്രമം ഫൗളിൽ കലാശിക്കുകയായിരുന്നു. ബോക്സിനുള്ളിൽ നടത്തിയ ഫൗളിന് റോയിക്കെതിരെ യെല്ലോ കാർഡ് പുറത്തെടുത്ത റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു. കിക്കെടുക്കാനെത്തിയ ഓഗ്ബച്ചെ അനായാസം ഗോൾ പോസ്റ്റിന്റെ വലത്തെ മൂലയിൽ പന്തെത്തിച്ചു.
ആദ്യ പകുതിയിൽ കൂടുതൽ സമയം കളി നിയന്ത്രിച്ചത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. എന്നാൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ലഭിച്ച അവസരങ്ങൾ മുതലാക്കാനും ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ വന്നതോടെ ആദ്യ പകുതി ഒരു ഗോളിൽ അവസാനിച്ചു. ഏഴാം മിനിറ്റിൽ നോര്‍ത്ത് ഈസ്റ്റ് ബോക്സിന് വെളിയില്‍നിന്ന് പന്ത് പിടിച്ചെടുത്ത് പ്രശാന്ത് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ഗോള്‍ കീപ്പർ സുഭാശിഷ് റോയ് തട്ടിമാറ്റി. പിന്നാലെ ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോര്‍ണറും പാഴായി.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നായകൻ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലീഡ് നേടാനുള്ള ഇരു ടീമുകളുടെയും അടുത്ത 40 മിനിറ്റിലെ ശ്രമങ്ങൾ വിഫലമായതോടെ സീസണിലെ അഞ്ചാം സമനിലയുമായി നോർത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയിൽ യഥാക്രമം ഏഴാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തും നിലയുറപ്പിച്ചു.