കൊച്ചി: കൊൽക്കത്ത വീണ്ടുമൊരിക്കൽ കൂടി ബ്ലാസ്റ്റേർസ് കുതിപ്പിന് ശക്തി പകരുമോ? അതാണ് കൊച്ചിയിലെ മൈതാനത്തിൽ നിന്നും കാൽപ്പന്ത് കളി പ്രേമികൾ ഉറ്റുനോക്കിയത്. എന്നാൽ കളി അവസാനിച്ചപ്പോൾ അവർക്കത് പൂർണ്ണമായും ബോധ്യപ്പെട്ടു, ഈ ബ്ലാസ്റ്റേർസിന് ഒരു മാറ്റവുമില്ല.

സീസണിൽ 13ാം മത്സരത്തിൽ ഏഴാമത്തെ സമനിലയാണ് ടീം വഴങ്ങിയത്. അഞ്ച് കളികളിൽ തോറ്റപ്പോൾ ഒരൊറ്റ മത്സരം മാത്രമാണ് വിജയിക്കാനായത്. എടികെയ്ക്ക് വേണ്ടി 85ാം മിനിറ്റിൽ എഡു ഗാർസിയയും 88ാം മിനിറ്റിൽ ബ്ലാസ്റ്റേർസിന് വേണ്ടി പോപ്ലാറ്റ്നികും ഗോൾ നേടി.

ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആക്രമിച്ച് കളിക്കുന്നതിലും മികച്ചു നിന്ന മഞ്ഞപ്പടയ്ക്ക് പക്ഷെ എതിരാളിക്ക് മുൻപേ ഗോൾ നേടാനോ കളി വരുതിയിലാക്കാനോ സാധിച്ചില്ല.

മലയാളി താരം സി കെ വിനീതും, ഹോളിചരൺ നർസാരിയും ടീം വിട്ടതും കോച്ച് ഡേവിഡ് ജയിംസ് സ്ഥാനമൊഴിഞ്ഞതും പേരിൽ മാത്രമായി. ചെന്നൈയനിൽ നിന്നെത്തിയ ബോഡോ വഴങ്ങിയ ഫൗളിലാണ് എടികെയ്ക്ക് 85ാം മിനിറ്റിൽ ഗോളടിക്കാൻ അവസരം ലഭിച്ചത്.

നെലോ വിൻഗാദയാണ് ബ്ലാസ്റ്റേർസിന്റെ പുതിയ കോച്ച്. പ്രൊഫസർക്ക് മൈതാനത്തിൽ മാജിക് തീർക്കാൻ സാധിക്കുമോയെന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്. കളിക്കൊടുവിൽ ഒന്ന് ഇപ്പോഴും വ്യക്തമായി മനസിലായി. ബ്ലാസ്റ്റേർസ് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.

ISL 2018-19 Kerala Blasters vs ATK

90+3: മത്സരം സമനിലയിൽ. ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ എടികെ-ബ്ലാസ്റ്റേർസ് മത്സരം സമനിലയിൽ.

90+2: ബ്ലാസ്റ്റേർസിന് അനുകൂലമായ കോർണർ. സ്റ്റൊജനോവിചിന്റെ ഉയർന്ന് താഴ്ന്ന കിക്ക് വലതേ മൂലയിൽ പ്രശാന്ത് വരുതിയിലാക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നു.

90.00′ മത്സരത്തിൽ മൂന്ന് മിനിറ്റ് ഇഞ്ചുറി ടൈം.

89.00′ ഗോോൾൾ…  ബ്ലാസ്റ്റേർസിന്റെ വാശിയോടെയുളള മുന്നേറ്റം.. ഗോൾ മുഖത്ത് എടികെ താരങ്ങൾ സമ്മർദ്ദത്തിലാകുന്ന കാഴ്ച. വലതുവിങിൽ നിന്ന് പ്രശാന്ത് തൊടുത്ത ക്രോസ് വളഞ്ഞുതാഴ്ന്ന് ജിങ്കന്റെ കാലിൽ. അവിടെ നിന്ന് പോപ്ലാറ്റ്നികിലേക്ക്… അതാ കാണികൾ കാത്തിരുന്ന ആ സുവർണ്ണ നിമിഷം… പന്ത് വലയിൽ.. മത്സരം വീണ്ടും സമനിലയിൽ.

88.00′ സബ്സ്റ്റിറ്റ്യൂഷൻ… എടികെ എഡു ഗാർസിയയെ പിൻവലിച്ച് ലിങ്ദോയെ കളത്തിലിറക്കി.

85.00′ ഗോോൾൾൾൾ….. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ എഡു ഗാർസിയയിലൂടെ എടികെ ലീഡ് എടുത്തു. ബോഡോയുടെ ഫൗളിന് വഴങ്ങിയ ഫ്രീ കിക്കാണ് എഡു ഗാർസിയ ഗോളാക്കിയത്.

84.00′ മഞ്ഞക്കുപ്പായത്തിൽ കളിക്കാനിറങ്ങി ആദ്യ മത്സരത്തിൽ തന്നെ ബോഡോ ഫൗൾ വഴങ്ങി മഞ്ഞ കാർഡ് ഇരന്നുവാങ്ങി.

80.00′ മത്സരം അവസാന പത്ത് മിനിറ്റിലേക്ക് എത്തിയതിന് പിന്നാലെ ക്രമരവിച്ചിന് മഞ്ഞ കാർഡ്.

78.00′ ബ്ലാസ്റ്റേർസിൽ പുതുതായി എത്തിയ ബോഡോയെ കോച്ച് നെലോ വിൻഗാദ കളത്തിലിറക്കിയിരിക്കുന്നു. ചെന്നൈയന്റെ താരമായിരുന്ന ബോറിങ്ദാവോ ബോഡോ ആദ്യമായാണ് മഞ്ഞക്കുപ്പായത്തിൽ കളിക്കാനിറങ്ങിയത്.

73.00′ ജയേഷ് റാണയെ പിൻവലിച്ച് കോമൾ തട്ടാലിനെ രംഗത്തിറക്കുന്നു..

70.00′ ചാൻസ്… സ്വന്തം ഗോൾ മുഖത്ത് നികോളാസിന്റെ പിഴവ്. പോപ്ലാറ്റ്നികിനെ തലയ്ക്ക് മുകളിലൂടെ ഉയർത്തിയടിക്കാനുളള നീക്കം ഫലം കാണുന്നില്ല. പന്ത് കൈക്കലാക്കിയ പോപ് അത് ഡങ്കലിന് കൈമാറുന്നു. മികച്ച ഷൂട്ട് പക്ഷെ ക്രോസ് ബാറിന് തൊട്ടു-തൊട്ടില്ലെന്ന മട്ടിൽ പറന്ന് പുറത്തേക്ക്.

68.00′ കാളു ഉച്ചയെ പിൻവലിച്ച് എടികെ എവർടൺ സാന്റോസിനെ കളത്തിലിറക്കുന്നു

64.00′ എടികെയുടെ പ്രതിരോധ നിര കടുത്ത സമ്മർദ്ദത്തിലാണ്. ബ്ലാസ്റ്റേർസിന്റെ തുടർച്ചയായ ആക്രമണമാണ് ആതിഥേയരുടെ ഗോൾ മുഖത്ത് കാണുന്നത്.

61.00′ പിഴവ്… എടികെയുടെ ബോക്സിനകത്ത് ഡങ്കലിന്റെ ക്രോസ് പോപ്ലാറ്റ്നികിന്. എന്നാൽ താരത്തിന്റെ ഷൂട്ടിന് വേഗതയും ശക്തിയും മതിയാകാതെ വരുന്നു.. പന്ത് പുറത്തേക്ക്.

60.00′ ഗുരുതര പിഴവ്…. സ്ലാവിസ സ്റ്റൊജനോവിച്ച് എടികെ ഗോൾ മുഖത്ത് കാട്ടിയത് ഗുരുതര പിഴവ്. പന്ത് തടുത്ത് നിർത്തി ബുദ്ധിപൂർവ്വം മുന്നേറ്റത്തിന് സാധിക്കുമായിരുന്നു. എന്നാൽ അതിന് കാത്ത് നിൽക്കാതെ ക്രോസ് ബാറിന് മുകളിലൂടെ അടിച്ചകറ്റിയ സ്റ്റൊജനോവിച്ചിന്റെ നീക്കത്തിൽ കാണികൾ നിരാശരാകുന്നു…

58.00′ ജയേഷ് റാണെയുടെ മികച്ച ക്രോസ് പക്ഷെ സഹതാരങ്ങൾക്കാർക്കും ബ്ലാസ്റ്റേർസിന്റെ ഗോൾ ബോക്സിനകത്ത് പന്ത് എത്തിപ്പിടിക്കാൻ സാധിക്കാത്ത കാഴ്ച.

55.00′ എഡു ഗാർസിയയുടെ ഇടതുവശത്തുകൂടിയുളള മുന്നേറ്റം സിറിൽ കാലി തടയുന്നു. കാലിക്കെതിരെ മഞ്ഞ കാർഡിന് വേണ്ടിയുളള ഗാർസിയയുടെ അപ്പീൽ പക്ഷെ റഫറി ചിരിച്ച് തളളുന്നു.

53.00′ പന്തിനും എതിരാളികൾക്കും മുന്നേ പാഞ്ഞ് കെ പ്രശാന്ത് ഓഫ് സൈഡ് വഴങ്ങുന്നു.

50.00′ ആദ്യ പകുതിയിൽ വേഗത്തിലുളള നീക്കങ്ങളായിരുന്നെങ്കിൽ രണ്ടാം പകുതി വളരെ പതിഞ്ഞ് നീങ്ങുന്ന കാഴ്ചയാണ്.

46.00′ മത്സരം പുനരാരംഭിച്ചിരിക്കുന്നു. എന്താണ് രണ്ടാം പകുതിയിൽ ഫുട്ബോൾ പ്രണയികളെ കാത്തിരിക്കുന്ന കാഴ്ചയെന്ന് അറിയാനുളള ആകാംക്ഷയാണ് ബാക്കി.

45+1′ ഹാഫ് ടൈം… ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഐഎസ്എല്ലിൽ ആദ്യ മത്സരം ഹാഫ് ടൈം പിന്നിടുമ്പോൾ ബ്ലാസ്റ്റേർസും എടികെയും ഗോൾ രഹിത സമനിലയിൽ.

45.00′ മത്സരത്തിൽ ഒരു മിനിറ്റ് അധികസമയം അനുവദിക്കുന്നു.

44.00′ എടികെയുടെ ഗോൾ മുഖത്ത് വീണ്ടും മിന്നലായി ഡങ്കൽ. നിക്കോളായുടെ പാളിയ നീക്കം മുതലെടുത്ത് മുന്നേറാൻ ശ്രമിച്ച ഡങ്കലിനെ ടാക്കിൾ ചെയ്യുന്നതിൽ എടികെ നായകൻ ജോൺസൺ വിജയിക്കുന്നു.

40.00′ സേവ്… എടികെയുടെ മുന്നേറ്റം. ബ്ലാസ്റ്റേർസിന്റെ ബോക്സിന് പുറത്ത് ജയേഷ് പന്ത് എഡുവിന് കൈമാറുന്നു. കറങ്ങിത്തിരിഞ്ഞ എഡു ഗോൾ ബോക്സിലേക്ക് പന്ത് തൊടുത്തുവിട്ടെങ്കിലും പറന്നുയർന്ന ധീരജ് സിങ് അതിവിദഗ്ദ്ധമായി അത് തട്ടിയകറ്റുന്നു.

38.00′ ബ്ലാസ്റ്റേർസിന്റെ കൗണ്ടർ… പന്തുമായി മുന്നേറുന്ന പോപ്ലാറ്റ്നിക് ഇടതുവശത്തുകൂടെ നീങ്ങിയ സഹലിന് പന്ത് കൈമാറുന്നു. എടികെയുടെ ഗോൾ മുഖത്തിന് പുറത്ത് പ്രതിരോധ താരങ്ങളാൽ വലയം ചെയ്യപ്പെട്ട സഹലിനെ കാഴ്ചക്കാരാക്കി എടികെ താരങ്ങൾ പന്തുമായി പോകുന്നു.

37.00′  എടികെയ്ക്ക് അനുകൂലമായ കോർണർ. ജോൺസൺ തൊടുത്ത കിക്ക് തട്ടിയകറ്റുന്നു ജിങ്കൻ.

35.00′ സേേവ്…. ലാൽറുഅത്താരയുടെ മികച്ചൊരു ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കാൻ പോപ്ലാറ്റ്നികിന്റെ തകർപ്പനൊരു നീക്കം. എന്നാൽ പന്ത് തട്ടിയകറ്റി ഗോൾകീപ്പർ അരിന്തം ടീമിന്റെ രക്ഷിക്കുന്നു.

33.00′ വീണ്ടും ചാാൻസ്…. വലതുവിങിലൂടെ വീണ്ടും ഗോൾ മുഖത്തേക്ക് പ്രശാന്തിന്റെ ക്രോസ്. പക്ഷെ പന്ത് അടിച്ച് ഗോളാക്കുന്നതിൽ സഹൽ പരാജയപ്പെടുന്നു. എടികെ ക്യാപ്റ്റൻ യുകെ താരം ജോൺസൺ അനായാസം ടീമിന്റെ രക്ഷകനാവുന്നു.

30.00′ മുന്നേറ്റത്തിൽ സീമെൻലെൻ ഡങ്കൽ വീണ്ടും തകർപ്പനൊരു പോരാട്ടം കാഴ്ചവയ്ക്കുന്നു. എന്നാൽ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല. ബോക്സിനകത്ത് താരം കാലിടറി വീഴുന്ന കാഴ്ച.

24.00′ മത്സരത്തിൽ ലീഡ് നേടാൻ കടുത്ത പോരാട്ടമാണ് ബ്ലാസ്റ്റേർസ് കാഴ്ചവയ്ക്കുന്നത്. എന്നാൽ അതൊന്നും ഫലത്തിലേക്ക് എത്തുന്നില്ല. ആക്രമണവും പ്രത്യാക്രമണവുമായി മത്സരം കടുക്കുന്നുണ്ടെങ്കിലും ആരാധകരെ ആവേശത്തിലെത്തിക്കാൻ ഗോളിന് വേണ്ടി ഇനിയുംകാത്തിരിക്കണം.

20.00′ ഫ്രീ കിക്കിന് പിന്നാലെ എടികെയുടെ പ്രത്യാക്രമണം. എന്നാൽ ഹിതേഷിൽ നിന്നും പന്ത് കൈക്കലാക്കി മുന്നേറിയ കാളു ഉച്ച അടിതെറ്റി ബ്ലാസ്റ്റേർസിന്റെ ബോക്സിനകത്ത് വീഴുന്നു.

19.00′ പോപ്ലാറ്റ്നികിന്റെ മുന്നേറ്റം തടയാൻ ഹാൾഡർ അദ്ദേഹത്തെ പുറകിൽ നിന്നും വലിച്ച് വീഴ്ത്തുന്നു. എടികെ ഫൗൾ വഴങ്ങുന്നു.

17.00′ വലതുവിങ്ങിൽ പ്രശാന്തും ഇടതുവിങിലൂടെ പാഞ്ഞ് കയറുന്ന ഡങ്കലും ബ്ലാസ്റ്റേർസിന് നല്ല മേധാവിത്വം കളിയിൽ നൽകുന്നുണ്ട്. പക്ഷെ അവസരങ്ങൾ ഗോളാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

14.00′ കാളു ഉച്ചെയെ തടയുന്നതിൽ ജിങ്കൻ പരാജയപ്പെടുന്നു. പന്ത് കൈകലാക്കാൻ ഹിതേഷ് പാഞ്ഞടുത്തെങ്കിലും ധീരജിനെ മറികടക്കാനാവുന്നില്ല

11.00′ കോർണർ… എടികെയ്ക്ക് മത്സരത്തിലെ ആദ്യ കോർണർ. ഒന്നും സംഭവിക്കുന്നില്ല.

7.00′ ക്ലോസ്… സിറിൽ കാലിയിൽ നിന്ന് പന്ത് കൈക്കലാക്കി പ്രശാന്ത് മുന്നേറുന്നു. വലതുവിങ്ങിൽ നിന്നും ഡങ്കലിന് മികച്ചൊരു ക്രോസ് പക്ഷെ ഡങ്കൽ പരാജയപ്പെടുന്ന കാഴ്ച.

5.00′ റിക്കിയിൽ നിന്നും പന്ത് കൈക്കലാക്കുന്നതിൽ സിറിൽ കാലി പരാജയപ്പെടുന്നു.എഡു ഗാർസിയ പന്തിന് പുറകെ പായുന്നു, പിന്നാലെ സന്ദേശ് ജിങ്കനും. ബ്ലാസ്റ്റേർസിന്റെ ഗോൾ മുഖത്ത് അതിവിദഗ്ദ്ധമായി ചാടി വീണ് ജിങ്കൻ രക്ഷകനാവുന്നു. പെനാൽറ്റിയ്ക്ക് എടികെ അപ്പീൽ ചെയ്തെങ്കിലും അനുവദിച്ചില്ല.

3.00′ ചാാൻൻസ്…!  മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ കേരളത്തിന് മികച്ചൊരു ചാൻസാണ് ലഭിച്ചത്. വലതുവിങിലൂടെ മുന്നേറിയ പ്രശാന്ത് നൽകിയ ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കാൻ പോപ്ലാറ്റ്നിക് ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

7.30 pm: കിക്കോഫ്…. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പോരാട്ടത്തിന് തുടക്കം…

7.20 pm: കളി കാണാൻ വളരെ കുറച്ച് പേർ മാത്രമാണ് സ്റ്റേഡിയത്തിൽ എത്തിയത്. അര ലക്ഷം പേർ കളി കാണാനുണ്ടായിരുന്ന മൈതാനത്ത് ഇപ്പോൾ ആയിരം പേർ പോലും തികച്ചില്ല.

7.10 pm: പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകിയുളള കളിയാവും എടികെ പുറത്തെടുക്കുക. അഞ്ച് ഡിഫന്റർമാരെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നൈജീരിയൻ താരം കാളു ഉച്ചെ മാത്രമാണ് സ്ട്രൈക്കർ. ജയേഷ് റാണെ, പ്രണോയ് ഹാൾഡർ, ഹിതേഷ് ശർമ എന്നിവർ മധ്യനിരയിൽ കളിക്കും.

7.00 pm: ബ്ലാസ്റ്റേർസ് 4-4-2 ഫോർമേഷനിലാണ് കളിക്കാനിറങ്ങുന്നത്. ആദ്യ ഇലവനിൽ മലയാളി താരങ്ങളായ സഹലും പ്രശാന്തും ഇടംപിടിച്ചു. സ്റ്റൊജനോവിചും പോപ്ലാറ്റ്നികുമാണ് മുന്നേറ്റത്തിൽ.

6.55 pm: ഇരുടീമുകളുടെയും താരങ്ങൾ മൈതാനത്ത് പരിശീലനം നടത്തുകയാണ്.

6.45 pm: വിനീതും നർസാരിയും ടീം വിട്ടു. കോച്ച് ഡേവിഡ് ജയിംസിന് പകരം നെലോ വിൻഗാദയാണ് ഇപ്പോൾ ചുമതലയേറ്റിരിക്കുന്നത്.

6.30 pm: ഇതുവരെ കളിച്ച 12 കളിയിൽ നിന്ന് ഒരു ജയവും ആറ് സമനിലയും അഞ്ച് തോൽവിയുമാണ് ബ്ലാസ്റ്റേർസിന്റെ സമ്പാദ്യം. പത്ത് ടീമുകളുളള ടൂർണ്ണമെന്റിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേർസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook