ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ പരിഹാരം ചെയ്യാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് എല്ലാ തയാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു. ഐഎസ്എൽ ആറാം പതിപ്പിന് മുന്നോടിയായി പ്രീസീസൺ മത്സരങ്ങൾക്കായി യുഎഇയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. പ്രീസീസൺ ആണെങ്കിലും ടീമിലെ പന്ത്രണ്ടാമനെ ഒഴിവാക്കാൻ ക്ലബ്ബിന് സാധിക്കില്ലല്ലോ? ഇനി ക്ലബ്ബിന് സാധിച്ചാൽ തന്നെ പന്ത്രണ്ടാമനായ ആരാധകർക്ക് മാറി നിൽക്കാൻ സാധിക്കില്ലല്ലോ? അതു കൊണ്ട് യുഎഇയിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെത്തിയിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് ആവേശം പകരാൻ നിരവധി ആളുകളാണ് അൽ ഫുജൈറ സ്റ്റേഡിയത്തിൽ എത്തിയത്. മഞ്ഞ ടീഷർട്ട് അണിഞ്ഞ്, മഞ്ഞ ബാനറുകൾ ഉയർത്തി കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തീർക്കുന്ന അതെ ആവേശം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എമിറാത്തികളുടെ നാട്ടിലും സൃഷ്ടിച്ചു. ടീമിനൊപ്പം കട്ടയ്ക്ക് നിന്ന ആരാധകർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഒരു പാട്ടിന്റെ പേരിലാണ്.

Also Read: ISL: അടിമുടി മാറ്റവുമായി ക്ലബ്ബുകൾ; കേരള ബ്ലാസ്റ്റേഴ്സ് മാത്രം പുതിയതായി ടീമിലെത്തിച്ചത് 23 താരങ്ങളെ

മത്സരത്തിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടമായി ഒരു പാട്ടു പാടിയത്. ” ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം…കേരളം,കേരളം, കേരളം മനോഹരം ” എന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. പ്രീസീസണിലെ ആദ്യ മത്സരത്തിൽ അൽ ഡിബ്ബയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടാനിറങ്ങുന്നതിനിടയിലാണ് ആരാധകർ പാട്ടുപാടി താരങ്ങളായത്.

അതേസമയം ആദ്യ പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ കാണികളുടെ ആവേശം വലിയ ആത്മവിശ്വാസമാണ് ടീമിന് നൽകിയിരിക്കുന്നത്.

Also Read: ആ പന്ത് പൊട്ടിയോ നോക്കട…; ബൗൺസർ തലയിൽ കൊണ്ടതിന് ശേഷം ധവാൻ സഞ്ജുവിനോട് പറഞ്ഞത്

രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും. സെപ്തംബര്‍ 12 നാണ് മത്സരം. വേദി അജ്മാനിലെ അജ്മാന്‍ സ്റ്റേഡിയമായിരിക്കും. എമിറേറ്റ്‌സ് ക്ലബ്ബിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരം. സെപ്തംബര്‍ 20 ന് റാസ് അല്‍ ഖൈമയിലായിരിക്കും മത്സരം നടക്കുക. നാലാം അങ്കത്തില്‍ അല്‍ നാസര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ദുബായിയില്‍ സെപ്തംബര്‍ 27 നായിരിക്കും മത്സരം നടക്കുക.

ഇതുവരെ പുതിയതായി 23 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചത്. രണ്ട് താരങ്ങളെ മാത്രം ടീമിലെത്തിച്ച എഫ്.സി ഗോവ ഏറ്റവും കുറവ് സൈനിങ്ങുകൾ നടത്തിയ ക്ലബ്ബുമായി. ടീമിലാകെ നാല് ഗോൾ കീപ്പർമാരാണുള്ളത്. സന്ദേശ് ജിങ്കൻ കരുത്ത് പകരുന്ന പ്രതിരോധ നിരയിൽ 11 താരങ്ങളുണ്ട്. മധ്യനിരയിൽ കളി മെനയാൻ കഴിയുന്ന 14 താരങ്ങളാണ് ഷട്ടോരിയുടെ ടീമിലുള്ളത്. മുന്നേറ്റ നിരയിൽ രണ്ട് മലയാളികൾ ഉൾപ്പടെ നാല് താരങ്ങൾ. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള അന്തിമ സ്ക്വാഡിൽ ആരൊക്കെ ഇടം നേടുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook