മത്സരത്തില്‍ ജയിക്കാനായില്ലെങ്കിലും മഞ്ഞപ്പടയ്ക്ക് സന്തോഷിക്കാനുള്ള വകയൊക്കെ തന്നിട്ടാണ് ഇന്നത്തെ കളി അവസാനിപ്പിച്ചത്. മലയാളി സൂപ്പര്‍ താരം സികെ വിനീതാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഇന്നത്തെ ഗോളോടെ ഐഎസ്എല്ലിലെ വിനീതിന്റെ ഗോള്‍ 10 ആയി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ഇയാന്‍ ഹ്യൂമിനൊപ്പമെത്തി വിനീത്.
ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട ഹ്യൂമും പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്ത മത്സരത്തിലും ഗോള്‍ നേടാനായാല്‍ വിനീതാകും റെക്കോര്‍ഡിന് ഉടമ. 48ാം മിനുറ്റിലായിരുന്നു വിനീതിന്റെ ഗോള്‍. കോര്‍ണറില്‍ നിന്നും ലഭിച്ച അവസരം വിനീത് ഗോളാക്കി മാറ്റുകയായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മലയാളി താരം സി കെ വിനീതിന്റെ മനോഹര ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയെങ്കിലും 85-ാം മിനിറ്റിലെ ഗോളിലൂടെ ഡല്‍ഹി ഒപ്പമെത്തുകയായിരുന്നു.
അഞ്ചാം പതിപ്പ് നന്നായി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഹോം മത്സരത്തില്‍ മുംബൈയോട് സമനില വഴങ്ങുകയും ചെയ്തു. സ്വന്തം ആരാധകര്‍ക്ക് വിജയം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറി ബൂട്ട് ബ്ലാസ്റ്റേഴ്‌സിന് പക്ഷെ സമനില കുരുക്ക് തന്നെയായിരുന്നു ഫലം.