കൊച്ചി: കളിക്കിടെ താരങ്ങളും കോച്ചുമാരും പരസ്പരം കോര്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം ഇന്നത്തെ മത്സരത്തിലുമുണ്ടായി. മുംബൈ താരം അര്‍നോള്‍ഡ് ഇസ്‌കോയും ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസും തമ്മിലാണ് കോര്‍ത്തത്.

കളിയുടെ 18ാം മിനുറ്റിലായിരുന്നു സംഭവം. ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടു ഭാഗത്തു നിന്നും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് മൈതാനം നിറഞ്ഞിരുന്നു. ആവേശവും വേഗവും നിറഞ്ഞ നിമിഷങ്ങള്‍. ഇതിനിടെ ടച്ച് ലൈനിന് അടുത്ത നിന്നിരുന്ന ഡേവിഡ് ജെയിംസിന് മുന്നില്‍ വച്ച് ബ്ലാസ്റ്റേഴ്‌സ് താരവുമായി കൂട്ടി മുട്ടിയ ഇസ്‌കോ വീഴുകയായിരുന്നു.

ഇതിനിടെ ഡേവിഡ് എന്തോ ആംഗ്യം കാണിച്ചു. ചാടിയെഴുന്നേറ്റ ഇസ്‌കോ ഡേവിഡിനോട് കയര്‍ക്കുകയായിരുന്നു. റഫറിയും താരങ്ങളും ഇടപെട്ടാണ് രണ്ടു പേരേയും പിടിച്ചു മാറ്റിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്കുമെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.

അതേസമയം, കൊച്ചിയിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായില്ല. 93 മിനുറ്റ് വരെ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ഹാരിചരന്‍ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രഞ്ജല്‍ ബുംജിയിലൂടെ മുംബൈ ഒപ്പത്തിനെത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ