കൊ​ച്ചി: മലയാളികളുടെ നെഞ്ചിൽ ഒരു കനലെരിയുന്നുണ്ട്. മൂ​ന്നു സീ​സ​ണ്‍, അ​തി​ല്‍ ര​ണ്ടു സീ​സ​ണി​ല്‍ കി​രീ​ട​ത്തി​ന് അ​ടു​ത്തു​വ​രെ​യെ​ത്തി കൊതിപ്പിച്ചു. രണ്ട് തവണയും മോഹം തല്ലിക്കെടുത്തിയത് വംഗനാട്ടുകാർ. ഇ​ത്ത​വ​ണ ആ ​ക​പ്പ് കി​ട്ടി​യേ തീ​രൂ. നെ​ഞ്ചു പി​ള​രു​ന്ന വേ​ദ​ന​യ്ക്കു അത് മാത്രമേയുള്ളൂ പരിഹാരം. അതിനായി ഇത്തവണ കൊൽക്കത്തയെ തന്നെ മലർത്തിയടിച്ച് തുടങ്ങണം. കലിപ്പടക്കണം…കപ്പടിക്കണം.

നാളെയാണ് കാൽപന്ത് മാമാങ്കത്തിന് കൊടിയുയരുന്നത്. ആദ്യ പോരിൽ കലൂർ സ്റ്റേഡിയത്തിൽ മ​ഞ്ഞ​ക്ക​ട​ലി​ര​മ്പം തീ​ർക്കാൻ മഞ്ഞപ്പട തയ്യാർ. കാണികളുടെ കണ്ണും കാതും നിറയ്ക്കുന്ന ഉദ്ഘാടന മഹാമഹം ഒരുക്കാൻ അധികൃതരും ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, താരസുന്ദരി കത്രീന കെയ്ഫ് എന്നിവരെല്ലാം ഉദ്ഘാടനച്ചടങ്ങളില്‍ നൃത്തച്ചുവടുകളുമായി ആരാധകരെ ഹരം കൊള്ളിക്കാനെത്തും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് റിഹേഴ്‌സലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. നേരത്തേ കൊല്‍ക്കത്തയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതു പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. പകരം ഫൈനലിന്‍റെ വേദിയായി കൊല്‍ക്കത്തയ്ക്കു നറുക്കുവീഴുകയും ചെയ്തു.

നിരവധി പ്രത്യേകതകളുള്ള ടൂര്‍ണമെന്റ് കൂടിയാണ് ഈ സീസണിലേത്. എട്ടു ടീമുകള്‍ക്കു പകരം ഇത്തവണ കിരീടത്തിനായി 10 ടീമുകള്‍ പടക്കളത്തിലിറങ്ങും. ജംഷഡ്പൂര്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയുമാണ് അരങ്ങേറ്റക്കാര്‍. ഏറ്റവും ദൈര്‍ഘ്യമേറിയ ഐഎസ്എല്ലാണ് നാലാം സീസണിലേത്. നാല് മാസമാണ് ടൂർണമെന്റ് നീണ്ടു നിൽക്കുക. മറ്റൊരു പ്രത്യേകത എല്ലാം ടീമും ചുരുങ്ങിയത് ആറ് ഇന്ത്യന്‍ താരങ്ങളെയെങ്കിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. ഐഎസ്എല്ലില്‍ ചാംപ്യന്‍മാരാവുന്ന ടീമിന് ഈ സീസണ്‍ മുതല്‍ എഎഫ്‌സി കപ്പിന്റെ പ്ലേഓഫില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.


(ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെ​നെ മ്യൂ​ല​സ്റ്റി​ന്‍ നടത്തിയ വാർത്താ സമ്മേളനം)

നാ​ളെ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ പ​ന്തു​രു​ണ്ടു തു​ട​ങ്ങു​മ്പോ​ള്‍ മലയാളി ഫുട്ബോൾ ആരാധകരുടെ മൂ​ന്നു വ​ര്‍ഷ​ത്തെ സ്വപ്ന സാ​ഫ​ല്യ​ത്തി​ലേ​ക്കു​ള്ള വി​സി​ല്‍ മു​ഴ​ക്ക​മാ​ണ് അ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം കി​രീ​ടം ഒ​രു കൈ ​അ​ക​ലെ ന​ഷ്ട​പ്പെ​ട്ട വേ​ദി​യി​ല്‍, ഷൂ​ട്ടൗ​ട്ടി​ന് ഒ​ടു​വി​ല്‍ ക​ണ്ണീ​ര്‍ വീ​ണ മ​ണ്ണി​ല്‍, അ​തേ എ​തി​രാ​ളി​ക​ളെ ത​രി​പ്പ​ണ​മാ​ക്കി തു​ട​ങ്ങാം, ഇനി മഞ്ഞയിൽ കളിച്ചാടാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook