മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021 സീസണിലെ മത്സരങ്ങളിൽ വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നത് കുറയ്ക്കാൻ ശുപാർശ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സാങ്കേതിക സമിതിയുടേതാണ് ശുപാർശ. ഐഎസ്എല്ലിൽ മാത്രമല്ല ഐ ലീഗ് ക്ലബ്ബുകൾക്കും തീരുമാനം ബാധകമാവും.
ആഭ്യന്തര ഫുട്ബോൾ ലീഗുകളിൽ വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചട്ടങ്ങൾ നടപ്പിലാക്കാനാണ് എഐഎഫ്എഫ് ശുപാർശ ചെയ്യുന്നത്. ഇതു പ്രകാരം ഓരോ ടീമുകളും മത്സരത്തിനിറക്കുന്ന വിദേശ താരങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് നാലായി കുറയും.
രാജ്യത്തെ ലീഗുകളിൽ വിദേശ താരങ്ങളെ കൂടുതലായി ഉൾപ്പെടുത്തരുതെന്ന് ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് നിദേശിച്ചിരുന്നു. ദേശീയ ടീമിലേക്ക് മികച്ച കളിക്കാർ ഉയർന്നു വരാൻ രാജ്യത്തു നിന്നുള്ള താരങ്ങൾക്ക് ആഭ്യന്തര ലീഗുകളിൽ കൂടുതൽ അവസരം നൽകണമെന്നാണ് സ്റ്റിമാച്ച് ഈ വർഷം മാർച്ചിൽ അഭിപ്രായപ്പെട്ടത്. രാജ്യം ഭാവിയിലേക്കുള്ള സുനിൽ ഛേത്രിയെ വളർത്തിയെടുക്കുന്നതിന് ക്ലബ്ബുകളിലെ വിദേശ താരങ്ങൾ കൂടുന്നത് വിലങ്ങുതടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിൽ ആഭ്യന്തര ഗെയിമുകളിൽ അഞ്ച് വിദേശ താരങ്ങളെയാണ് ക്ലബ്ബുകൾ ഉൾപ്പെടുത്താറ്. ഇത് എഎഫ്സി നയത്തിന് അനുസൃതമാക്കി നാലാക്കി കുറയ്ക്കണമെന്ന് സ്റ്റിമാച്ച് ആവശ്യപ്പെട്ടിരുന്നു.
ഒരു ഏഷ്യൻ താരവും, ഏഷ്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ മൂന്നു പേരും എന്ന നിലയ്ക്കാണ് വിദേശ താരങ്ങളെ ഐ-ലീഗ്, ഐഎസ്എൽ മത്സരങ്ങളിൽ ക്ലബ്ബുകൾ ഉൾപ്പെടുത്തേണ്ടതെന്നാണ് എഎഫ്സിയുടെ നിർദേശം. ഈ നിർദേശം അടുത്ത സീസണിലെ ആഭ്യന്തര ലീഗുകളിൽ നടപ്പാക്കുന്നതിനെ ഇന്ന് വീഡിയോ കോൺഫറൻസിങ്ങ് വഴി ചേർന്ന എഐഎഫ്എഫ് സാങ്കേതിക സമിതി യോഗം ശുപാർശ ചെയ്തു.
Read More | നൈസായി സ്കൂട്ടാകും, ഓപ്പണറായി എത്തിയപ്പോൾ എട്ടിന്റെ പണിയാണ് ധവാൻ നൽകിയത്: രോഹിത് ശർമ
എഎഫ്സിയുടെ ക്ലബ്ബ് ചാംപ്യൻഷിപ്പുകളിൽ നിലവിൽ ഈ ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആഭ്യന്തര ലീഗുകളിലും ഇത് പ്രാവർത്തിക്കമാക്കണമെന്ന് എഐഎഫ്എഫ് ഇന്നത്തെ യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ശുപാർശ പ്രാബല്യത്തിൽ വരാൻ എഐഎഫ്എഫ് നിർവാഹക സമിതിയുടെ അംഗീകാരം ആവശ്യമാണ്.
ദേശീയ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്, ഷൺമുഖം വെങ്കടേശ്, തോമസ് ഡെനെർബി, മേയ്മൾ റോക്കി, ബിൽബിയാനോ ഫെർണാണ്ടസ്, ശുവേന്ദു പാണ്ഡ എന്നിവർ എഐഎഫ്എഫ് സാങ്കേതിക സമിതി യോഗത്തിൽ പങ്കെടുത്തു. ദേശീയ ടീം പരിശീലകരുമായി എഐഎഫ്എഫ് പ്രസിഡൻഡ് പ്രഫുൽ പട്ടേൽ കൂടിക്കാഴ്ച നടത്തിയിരുന്നു.