ഇന്ത്യൻസൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിന് തുടക്കാമായി ഒരാഴ്ച പിന്നിടുകന്നു. സീസന്റെ തുടക്കത്തിൽ തന്നെ ഗോളടിക്കാൻ ടീമുകളും താരങ്ങളും മത്സരിക്കുകയാണ്. ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് മാത്രം പിറന്നത് 22 ഗോളുകൾ. എന്നാൽ ഇപ്പോൾ മത്സരം കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളെതെന്ന കാര്യത്തിലാണ്. മികച്ച ഗോളിനുള്ള പട്ടികയിൽ നിലവിൽ ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ സ്റ്റോജനോവിച്ചാണ് ബഹുദൂരം മുന്നിൽ.

ആകെ വോട്ടുകളുടെ 88.7 ശതമാനം വോട്ടുകളും നേടിയാണ് താരം പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. എ ടി കെ യ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ നേടിയ തകർപ്പൻ ഗോളാണ് സ്റ്റോജനോവിച്ചിന് പട്ടികിൽ ഇടം നൽകിയത്. രണ്ടാം സ്ഥാനത്തുള്ള റാണ ഗരാമിയുടെ ലോംഗ് റേഞ്ചർ ഗോളിന് ലഭിച്ചതാകട്ടെ 4.7 ശതമാനം വോട്ടുകൾ മാത്രമാണ്. പൂനെയ്ക്കെതിരെ ഡൽഹി താരത്തിന്റെ ഗോൾ.

നോർത്തീസ്റ്റിനെതിരെ ഗോവയുടെ ഫെറാൻ കോറോ നേടിയ ഗോൾ 2.8 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തും, ജംഷദ്പൂർ എഫ് സി ക്കെതിരെ, ബെംഗളൂരുവിന്റെ നിഷു കുമാർ കഴിഞ്ഞ ദിവസം നേടിയ ഗോൾ 2.0 ശതമാനം വോട്ടോടെ നാലാമതുണ്ട്. മുംബൈയുടെ പ്രഞ്ജാൽ ഭൂമിജാണ് അഞ്ചാം സ്ഥാനത്ത്, 1.8 ശതമാനം വോട്ടുകളാണ് താരത്തിന്റെ ഗോളിന് ലഭിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു മുംബൈയുടെ പ്രഞ്ജാൽ ഭൂമിജിന്റെ ഗോൾ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐ എസ് എല്ലിന്റെ അഞ്ചാം പതിപ്പിന്റെ ആദ്യ ആഴ്ചയിലെ മികച്ച ഗോളിനുള്ള‌ ഫാൻസ് അവാർഡ് ബ്ലാസ്റ്റേഴ്സ് താരം സ്റ്റൊജനോവിച്ചിന് തന്നെ ലഭിക്കും.

അതേസമയം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഗോവയുടെ ഫെറാൻ കൊറോമിനാസ് എന്ന കോറോ തന്നെയാണ് മുന്നിൽ. മൂന്ന് ഗോളുകളാണ് രണ്ട് മത്സരങ്ങളിൽ നിന്ന് താരം എതിർ ഗോൾമുഖത്ത് എത്തിച്ചത്. ആറ് മിന്നും സേവുകളുമായി ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിങാണ് ഗോൾ കീപ്പർമാരുടെ പട്ടികയിൽ മുന്നിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ