പനജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം തവണയും കിരീടമുയർത്തി കൊൽക്കത്തൻ വമ്പന്മാരായ എടികെ. കലാശപോരാട്ടത്തിൽ ചെന്നൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐഎസ്എൽ ആറാം സീസണിലും രാജാക്കന്മാരായത്. കൊറോണ ഭീതിയിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളുടെ അഭാവത്തിലും ഇരു ടീമുകളും പൂർണ ആവേശത്തോടെ കളിച്ചപ്പോൾ വാശിയേറിയ മറ്റൊരു സീസണിന്റെയും ഫൈനൽ വിസിൽ മുഴങ്ങി.
ഹാവിയൻ ഹെർണാണ്ടസിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു കലാശ പോരാട്ടത്തിൽ കൊൽക്കത്തയുടെ വിജയം. കൊൽക്കത്തൻ സ്കോറിങ്ങ് തുടങ്ങിയതും അവസാനിപ്പിച്ചതും ഹെർണാണ്ടസ് തന്നെ. സീസണിൽ ആദ്യമായാണ് ഹെർണാണ്ടസ് കൊൽക്കത്തയ്ക്കായി വല കുലുക്കുന്നതും. പത്താം മിനിറ്റിൽ തന്നെ താരം കൊൽക്കത്തയെ മുന്നിലെത്തിച്ചു.
തിരിച്ചടിക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങൾ പാളിയതോടെ രണ്ടാം പകുതിയിലും കൊൽക്കത്തൻ ആധിപത്യം തുടർന്നു. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ (48-ാം മിനിറ്റ്) ഡേവിഡ് വില്യംസിന്റെ പാസ് സ്വീകരിച്ച് എഡു ഗാര്സിയ ലീഡ് ഇരട്ടിയാക്കി. 69-ാം മിനിറ്റി വാൽസ്കിസിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ചെന്നൈ ശ്രമം നടത്തിയെങ്കിലും അത് അവിടെ മാത്രമായി നിന്നു. രണ്ടാം പകുതിയുടെ അധിക സമയത്തെ ഗോളിൽ ഹെർണാണ്ടസ് കൊൽക്കത്തൻ ജയം ആധികാരികമാക്കി.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ സൂപ്പർ താരം റോയ് കൃഷ്ണ പരുക്കേറ്റ് പുറത്തേക്ക് പോയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായെങ്കിലും അന്റോണിയോ ലോപസിന്റെ കുട്ടികൾ കിരീടം സ്വന്തമാക്കി. കൊൽക്കത്ത സ്വന്തമാക്കുന്ന മൂന്നാം ഐഎസ്എൽ കിരീടമാണിത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം ചൂടിയ ടീമും ഇനി കൊൽക്കത്ത തന്നെ.