ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കിരീടം ചെന്നൈയിന്‍ എഫ്സിക്ക്. കലാശക്കളിയില്‍ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടാണ് ചെന്നൈയിന്‍ കിരീടം നേടിയത്. രണ്ടാം സൂപ്പര്‍ ലീഗ് കിരീടമാണ് ചെന്നൈയിന്‍ സ്വന്തമാക്കുന്നത്.

ഒമ്പതാം മിനുട്ടില്‍ ആതിഥേയരായ ബെംഗളൂരു എഫ്‌സിയാണ് ഗോളടി ആരംഭിച്ചത്. നായകന്‍ സുനില്‍ ഛേത്രി ഒരു മികച്ച ഹെഡ്ഡറിലൂടെ ഗോള്‍ കണ്ടെത്തുകയായിരുന്നു. വലതുവിങ്ങില്‍ നിന്നും ഉദാന്താ സിങ് നല്‍കിയ ക്രോസിനെ മികച്ചൊരു ഹെഡ്ഡറിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു നായകന്‍. പതിനാറാം മിനുട്ടില്‍ മെയില്‍സണിലൂടെ ചെന്നൈയിന്‍ സമനില നേടി. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ മെയില്‍സണ്‍ രണ്ടാം ഗോളിലൂടെ അപ്രമാദിത്യം പ്രഖ്യാപിക്കുകയായിരുന്നു.

നാലാം സീസണിന്റെ കലാശക്കളിയില്‍ സെമി ഫൈനലില്‍ നിന്നും കാര്യമായ മാറ്റം ഒന്നും വരുത്താതെയാണ് ചെന്നൈയില്‍ സിറ്റി ഇറങ്ങിയത്. കൂടുതല്‍ കരുത്തരായ മധ്യനിരയെ അണിനിരത്തി മൂന്ന് പ്രതിരോധ താരങ്ങളെ മാത്രം ഇറക്കിക്കൊണ്ട് അക്രമോത്സുകമായൊരു ഫോര്‍മേഷനിലാണ് ബെംഗളൂരു ഇറങ്ങിയത്. കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ആതിഥേയര്‍ അക്കൗണ്ട് തുറന്നു. വലതുവിങ്ങിലൂടെ ബോക്സിലേക്ക് ചീറിപ്പാഞ്ഞ ഉദാന്താ സിങ് പന്ത് ക്രോസ് ചെയ്യുകയായിരുന്നു. ഇടതു ബോക്സില്‍ വച്ച് നായകന്‍ സുനില്‍ ഛേത്രിയുടെ മികച്ചൊരു ഹെഡ്ഡര്‍ ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ കരന്ജിത്തിനെ മറികടന്ന് പോസ്റ്റിലേക്ക്.

ആല്‍ബര്‍ട്ട് റോകയുടെ ബെംഗളൂരു തുടക്കം മുതല്‍ കൂടുതല്‍ അച്ചടക്കത്തോടെ പന്ത് കൈവശം വെക്കുന്നുണ്ട്. പതിനാറാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് മുതലെടുക്കാന്‍ അതിഥികള്‍ക്കായ്. മെയില്‍സണിന്റെ മികച്ചൊരു ഹെഡ്ഡര്‍ ഗോളില്‍ ചെന്നൈയിന്‍ സമനില പിടിക്കുന്നു.

ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ മറ്റൊരു സെറ്റ് പീസിനെ ഹെഡ്ഡര്‍ ഗോളാക്കി മാറ്റിക്കൊണ്ട് ചെന്നൈയിന്‍ ലീഡ് നേടുന്നു. മെയില്‍സണ്‍ തന്നെയാണ് ഗോള്‍സ്കോറര്‍. ആദ്യപകുതിക്ക് പിരിയുമ്പോള്‍ മറ്റൊരു ചാമ്പ്യന്‍ഷിപ്പ് ആണ് ചെന്നൈയിന്‍ ലക്ഷ്യംവേക്കുന്നത്. രണ്ടാം പകുതിയില്‍ മടങ്ങിവന്നുകൊണ്ട് അരങ്ങേറ്റ സീസണില്‍ കിരീടം നേടാനാകും ബെംഗളൂരു ശ്രമിക്കുക.

ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ പരുക്കേറ്റ ഡിമാസിന് പകരം സ്പാനിഷ് താരം പെരെസ് ആകും രണ്ടാം പകുതിയില്‍ ബെംഗളൂരു മധ്യനിരയില്‍ കളി മെനയുക. യാതൊരു മാറ്റവും ഇല്ലാതെയാണ് രണ്ടാം പകുതിയില്‍ ഇരുടീമുകളും ഇറങ്ങിയത്. അമ്പതാം മിനുട്ടില്‍ ചെന്നൈയിന് വേണ്ടി നെല്‍സണ്‍ മികച്ചൊരു ഷോട്ട് കണ്ടെത്തിയെങ്കിലും ഗുര്‍പ്രീതിനെ മറികടക്കാനുള്ള കരുത്ത് അതിനുണ്ടായില്ല. കൗണ്ടര്‍ അറ്റാക്കില്‍ ഛേത്രി എടുത്ത ഷോട്ട് ലക്ഷ്യത്തിലെത്തിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരുടീമുകളും അക്രമാസക്തമായ കളിയാണ് പുറത്തെടുക്കുന്നത്. ഒരു വശത്ത് ബെംഗളൂരു സ്വത്തസിദ്ധമായ ശൈലിയില്‍ വണ്‍ ടച്ച് ഫുട്ബാളിലൂടെയും ത്രൂ പാസുകളിലൂടെയും കളി മെനയുമ്പോള്‍ മറുവശത്ത് ഏറെ കരുത്തോടെയാണ് ചെന്നൈയിന്‍ എഫ്‌സി ബെംഗളൂരുവിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ നോക്കുന്നത്.

അറുപതാം മിനുട്ടില്‍ ആതിഥേയര്‍ ബാക്കിയുള്ള രണ്ട് മാറ്റങ്ങളും വരുത്തുന്നു. ബോയ്താങ് ഹയോകിപ്പിന് പകരം നിശു കുമാറും എറിക് പാര്‍ത്താലുവിന് പകരം സെഗോവിയും മൈതാനത്തിലേക്ക്. ചെന്നൈയിന്‍ ബിക്രംജിത്തിന് പകരം അനിരുദ്ധ് താപ്പയേയും ഇറക്കുന്നു.

അറുപത്തിയേഴാം മിനുട്ടില്‍ റാഫേല്‍ അഗസ്റ്റോയിലൂടെ ചെന്നൈയിന്‍ മൂന്നാം ഗോള്‍ നേടുന്നു. ബെംഗളൂരു പ്രതിരോധ കോട്ട തകര്‍ത്ത് മുന്നേറിയ ബ്രസീലിയന്‍ ഗുര്‍പ്രീതിനെ മറികടന്നുകൊണ്ട്‌ ഫാര്‍ പോസ്റ്റിലേക്ക് മികച്ചൊരു ഷോട്ട് തുടുക്കുകയായിരുന്നു. എഴുപത്തിനാലാം മിനുട്ടില്‍ മികുവിന്റെ ക്രോസില്‍ ഗോള്‍ കണ്ടെത്താനുള്ള മികച്ചൊരു അവസരം ബെംഗളൂരു നഷ്ടപ്പെടുത്തുന്നു. പോസ്റ്റിന് ഇഞ്ചുകള്‍ മുന്നില്‍ വച്ച് ജോണ്‍ ജോണ്‍സണ്‍ എടുത്ത ഹെഡ്ഡര്‍ പുറത്തേക്ക്.

എണ്‍പത്തിയഞ്ചാം മിനുട്ടില്‍ ചെന്നൈയുടെ ലെഫ്റ്റ് ബോക്സില്‍ നിലയുറപ്പിച്ച ഛേത്രിക്ക് നല്ലൊരു അവസരം വന്നു ചേരുന്നു. മിക്കുവിന്റെ പാസ് ബെംഗളൂരു നായകന്‍ പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. സീസണില്‍ എല്ലാ ടീമിനേയും പരാജയപ്പെടുത്തിയ ബെംഗളൂരു എഫ്‌സി ഫൈനല്‍ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുന്ന കാഴ്ചയ്ക്കാണ് ഐഎസ്എല്‍ സാക്ഷ്യം വഹിക്കുന്നത്.

തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ മികുവിലൂടെ ബെംഗളൂരു മറ്റൊരു ഗോള്‍ നേടുന്നു. വലതുവിങ്ങില്‍ നിന്നും വന്ന ക്രോസ് മികു ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. അവസാന മിനുട്ടുകളില്‍ ഒരു സമനില നേടാനായ് ബെംഗളൂരു ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബെംഗളൂരുവിനെ സമ്പന്ധിച്ചടുത്തോളം ഐതിഹാസികമായൊരു മുന്നേറ്റത്തിന്റെ ദുരന്ത പര്യവസാനമായ് ഈ ഫൈനല്‍ മത്സരം ഓര്‍മിക്കപ്പെടും.

പതുക്കെപ്പതുക്കെ സീസണ്‍ ആരംഭിച്ച ചെന്നൈയിന്‍ എഫ്‌സി വിജയത്തില്‍ തന്നെ സീസണ്‍ അവസാനിപ്പിച്ചു. രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ്‍ ചെന്നൈയിന്‍ എഫ്‌സിക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook