ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂരിനെ മൂന്ന് ഗോളിന് തകർത്ത് ഗോവയുടെ തകർപ്പൻ പ്രകടനം. രണ്ടാം പാത മത്സരത്തിൽ മികച്ച തുടക്കമാണ് ഗോവയ്ക്ക് ലഭിച്ചിരിക്കുന്നത്. സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോഴും ജയം ഗോവയ്ക്കൊപ്പമായിരുന്നു. ഓർഗെ ഓർട്ടിസിന്റെ ഇരട്ട ഗോളാണ് ഗോവൻ വിജയത്തിന്റെ മാറ്റ് കൂട്ടിയത്.

അക്രമണത്തിലൂന്നിയായിരുന്നു മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും കളിച്ചത്. ഒരുപിടി മികച്ച മുന്നേറ്റങ്ങളും ഗോൾശ്രമങ്ങളും ജംഷദ്പൂരും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അംഗൂലൊയുടെ അഭാവത്തിൽ ഓർട്ടിസ് പൂർണമായും അക്രമണത്തിന്റെ ചുമതലയേറ്റടുത്തതോടെ സീസണിലെ അഞ്ചാം ജയമാണ് ഗോവ സ്വന്തമാക്കിയത്.

19-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. നൊഗുവേരയുടെ മികച്ച പാസ്സ് ബോക്‌സിനകത്തുവെച്ച് സ്വീകരിച്ച ഓര്‍ട്ടിസ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തടിച്ചു കയറ്റി. പിന്നാലെ 24-ാം മിനിറ്റിൽ വാൽസ്കിസ് ഗോവൻ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും ഗോൾകീപ്പർ നവീൻ കുമാറിന്റെ പ്രകടനം ഗോളകറ്റി.

Also Read: ഇതാണ് തിരിച്ചുവരവ്; രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പഞ്ചാബിനെതിരെ തകർപ്പൻ ജയവുമായി ഗോകുലം

ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ ലീഡിൽ മത്സരത്തിന്റെ രണ്ടാം ഭാഗത്തിറങ്ങിയ ഗോവയ്ക്കുവേണ്ടി ലീഡ് ഉയർത്തിയത് ഓർട്ടീസായിരുന്നു. 53-ാം മിനിട്ടിലാണ് താരം സ്‌കോര്‍ ചെയ്തത്. ഇത്തവണ ബ്രാന്റണ്‍ ഫെര്‍ണാണ്ടസാണ് ഓര്‍ട്ടിസിന്റെ ഗോളിനുള്ള വഴിയൊരുക്കിയത്. താരത്തിന്റെ മികച്ച ക്രോസ് ബോക്‌സിനകത്തുവെച്ച് സ്വീകരിച്ച ഓര്‍ട്ടിസ് പന്തിനെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് വന്നു. അത് വീണ്ടും പിടിച്ചെടുത്ത ഓര്‍ട്ടിസ് ഗോളാക്കുകയായിരുന്നു.

ഇതോടെ ഉണർന്നു കളിച്ച ജംഷദ്പൂർ ഗോളിനായി തീവ്ര ശ്രമങ്ങൾ ആരംഭിച്ചു. ഇതിനിടയിലും ലീഡ് ഉയർത്താനായിരുന്നു ഗോവ ലക്ഷ്യമിട്ടത്. 88-ാം മിനിറ്റിൽ ഐവാൻ ഗോൺസാലസ് ജംഷദ്പൂരിന്റെ പട്ടികയിലെ അവസാന ആണിയും അടിച്ചു. 85-ാം മിനിറ്റ് മുതൽ പത്ത് പേരായി ചുരുങ്ങിയ ജംഷദ്പൂരിന് തോൽവിയുടെ ആഘാതം കുറയ്ക്കുകയെന്ന പദ്ധതിയിലേക്ക് മാറേണ്ടി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook