പനാജി: ഐഎസ്എല്ലില്‍ അവസാന അങ്കത്തിന് തയ്യാറെടുത്ത് ഗോവയും ബെംഗളൂരുവും. രണ്ടാം പാദ സെമിയില്‍ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ഒന്നാം പാദത്തിലെ വന്‍ വിജയം ഗോവയെ ഫൈനലിലെത്തിക്കുകയായിരുന്നു. ഒന്നാം പാദത്തില്‍ 5-1 നായിരുന്നു ഗോവയുടെ ജയം. രണ്ടാം പാദ സെമിയില്‍ ഗോവക്ക് ഗോളൊന്നും അടിക്കാന്‍ സാധിച്ചില്ല.

മത്സരത്തിലുടനീളം ഗോവ ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. കളിയുടെ ആറാം മിനുറ്റില്‍ തന്നെ മുംബൈയ്ക്കായി റാഫേല്‍ ബാസ്റ്റോസ് ഗോള്‍ കണ്ടെത്തിയിരുന്നു. തിരിച്ചടിക്കാന്‍ ഗോവ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. എന്നാല്‍ മൂന്ന് ഗോളിന് പിന്നിലുണ്ടായിരുന്ന മുംബൈ ഏറെക്കുറ പരാജയം മുന്നില്‍ കണ്ടിരുന്നു. 5-2 ആണ് അഗ്രിഗേറ്റ് ഗോള്‍.

നേരത്തെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ബെംഗലൂരു എഫ് സി മാറിയിരുന്നു. നിര്‍ണായകമായ രണ്ടാംപാദ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-0ന് പരാജയപ്പെടുത്തിയാണ് ബെംഗലൂരു തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിയ്ക്കാന്‍ യോഗ്യത നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയകുമ്പോള്‍ 4-2ന്റെ ലീഡാണ് ബെംഗലൂരു എഫ് സി നേടിയത്.

വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ ബെംഗ്ലൂരു തുടക്കം മുതല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കളിയുടെ 59 ശതമനം സമയവും പന്ത് കൈയ്യടക്കി വെയ്ക്കാന്‍ സാധിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. പ്രതിരോധത്തിലൂന്നി കളിച്ച നോര്‍ത്ത് ഈസ്റ്റ് ശക്തമായ പ്രതിരോധ കോട്ട തീര്‍ത്തു. ഇത് രണ്ടാം തവണയാണ് ഗോവ ഫൈനലിലെത്തുന്നത്. ബെംഗളൂരുവും രണ്ടാം ഫൈനലിനാണ് ബൂട്ട് കെട്ടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook