ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേർസ് നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ടീം വിട്ട ഡച്ച് താരം മാർക് സിഫ്നിയോസ് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ടീമിലേക്കെന്ന് സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
എഫ് സി ഗോവയിൽ നിന്ന് സ്പാനിഷ് താരം അഡ്രിയാൻ കൊളുംഗ വിട്ടുപോകുന്നതായി റിപ്പോർട്ട് വന്നിരുന്നു. കൊളുംഗയ്ക്ക് ടീം വിടാൻ മാനേജ്മെന്റ് അനുമതി നൽകി. പകരം ഡച്ച് താരമായ സിഫ്നിയോസിനെയും പരിഗണിക്കുന്നുണ്ടെന്നാണ് വാർത്ത. പരിഗണന പട്ടികയിൽ വേറെയും താരങ്ങളുണ്ടെങ്കിലും സിഫ്നിയോസും ഒരു സ്പാനിഷ് താരവുമാണ് പ്രാധാനികൾ.
സരഗോസ, ബ്രൈട്ടൻ, ഗെറ്റാഫെ തുടങ്ങിയ ക്ലബുകളിൽ ദീർഘകാലം കളിച്ച് പരിചയമുളള താരമാണ് 31കാരനായ അഡ്രിയാൻ കൊളുംഗ. എന്നാൽ ഐഎസ്എല്ലിൽ കൊളുംഗയെ വേണ്ടവിധം എഫ് സി ഗോവ പരിശീലകൻ സെർജി ലൊബേറോ പരിഗണിച്ചില്ല. നാല് കളികളിൽ ഇതുവരെ വെറും 67 മിനിറ്റ് മാത്രമാണ് കൊളുംഗ കളിച്ചത്. ഒരു ഗോളും ഇദ്ദേഹം നേടി.
എന്നാൽ ലൊബേറോയുടെ കീഴിൽ തനിക്ക് അർഹമായ പ്രാധാന്യം ലഭിക്കില്ലെന്ന വന്നതോടെയാണ് താരം ക്ലബ് വിടാൻ ഒരുങ്ങുന്നത്.
സീസണിൽ ബ്ലാസ്റ്റേർസിന്റെ ആദ്യ ഗോൾ നേടിയ സിഫ്നോസ് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ബ്ലാസ്റ്റേർസ് നിരയിൽ ഇയാൻ ഹ്യൂമിനൊപ്പം നാല് ഗോൾ നേടി മുന്നിലുളള താരമാണ് ഇദ്ദേഹം. ജനുവരി 28 ന് മുംബൈ സിറ്റി എഫ് സി ക്ക് എതിരെയാണ് എഫ് സി ഗോവയുടെ അടുത്ത മത്സരം.