കഴിഞ്ഞ ദിവസം ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ബെംഗളൂരു എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലുള്ള മത്സരം ഇതുവരെയുള്ള ഏറ്റവും ആവേശകരമായ മത്സരമായിരുന്നു. അവസാന നിമിഷത്തിലാണ് ജംഷഡ്പൂര്‍ ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ചത്. എന്നാല്‍ കളിയോ മത്സരഫലമോ അല്ല ഇപ്പോൾ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ജംഷഡ്പൂരിനായി സൂപ്പര്‍ സബായി ഇറങ്ങി ഗോളടിച്ച ഗൗരവ് മുഖി എന്ന താരത്തിന്റെ പ്രായത്തിലുള്ള കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. താരത്തിന് 16 വയസാണെന്ന് ഐഎസ്എല്‍ രേഖകള്‍ പറയുമ്പോള്‍ അതല്ല 19 വയസോ അതിന് മുകളിലോ പ്രായമുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിനാല്‍ എഐഎഫ്എഫ് കിരീടം തിരിച്ച് വാങ്ങിയിരുന്നു. പ്രായത്തട്ടിപ്പ് നടത്തിയെന്ന് ജാര്‍ഖണ്ഡ് ഫുട്ബോള്‍ അസോസിയേഷന്‍ കുറ്റസമ്മതം നടത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ഗൗരവിന്റെ പേരുമുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം.

2015ല്‍ തന്നെ 15 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. അതേസമയം, 2015ല്‍ തന്നെ 16 വയസ്സ് എങ്കിലും ഉണ്ടെന്ന് തെളിഞ്ഞ ഗൗരവ് മുഖി എങ്ങനെയാണ് 2018ലും 16-ാം വയസ്സില്‍ തന്നെ നില്‍ക്കുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നായിരുന്നു കമന്റേറ്റര്‍മാരും മാധ്യമങ്ങളുമടക്കം വിശേഷിപ്പിച്ചിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ