മുംബൈ: ഇന്ത്യന്‍ ഫുട്ബോളിന്റ മുഖച്ഛായ തന്നെ മാറ്റിയ ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം പതിപ്പിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ഡ്രാഫ്റ്റ് പുരോഗമിക്കുന്നു. പന്ത്രണ്ട് മലയാളികളടക്കം 200 താരങ്ങളാണ് ഡ്രാഫ്റ്റില്‍ ഭാഗ്യം പരിക്ഷീക്കുന്നത്.

മലയാളി താരം അനസ് എടത്തൊടിക ജംഷഡ്പുര്‍ എഫ്സിയില്‍ കളിക്കും. ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ടാറ്റ ടീം അനസിനെ ടീമിലെടുത്തത്. ഐ.എസ്.എല്‍ താരലേലത്തില്‍ ആദ്യ അവസരം ജംഷ്ഡ്പുര്‍ എഫ്.സിക്കായിരുന്നു. പ്രതീക്ഷിച്ചതു പോലെ ജംഷഡ്പുര്‍ അനസിനെ തെരഞ്ഞെടുത്തു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ അനസുണ്ടാകില്ലെന്ന് ഉറപ്പായി.

ഒരു കോടി പത്തു ലക്ഷം രൂപവീതം വിലയുള്ള മലയാളി താരം അനസ് എടത്തൊടികയും യുജിന്‍സണ്‍ ലിങ്ദോയുമാണ് ഡ്രാഫ്റ്റിലെ വിലയേറിയ താരങ്ങള്‍. ഐഎസ്എല്ലിലേക്ക് ആദ്യമായെത്തുന്ന ടാറ്റ ജംഷഡ്പുരിനാണ് ഡ്രാഫ്റ്റില്‍ ആദ്യതാരത്തെ സ്വന്തമാക്കാനുള്ള അവസരം. മൂന്നാം റൗണ്ട് മുതലാണ് കേരള ബ്ലാസ്റ്റേഴ്സിന് ഡ്രാഫ്റ്റില്‍ പങ്കെടുക്കാനാവുക. 18 കോടിയാണ് ഒരു ടീമിന് ചെലവഴിക്കാവുന്ന പരമാവധി തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ