ഐഎസ്എല്ലില്‍ പുതിയ മാറ്റം. അഞ്ചാം സീസണോടെ ഇന്ത്യയില്‍ നിന്നുമുള്ള പരിശീലകര്‍ക്കും ടീമുകളുടെ ഹെഡ് കോച്ചാകാന്‍ സാധിക്കും. ഗാര്‍ഡന്‍ സിറ്റിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന കാര്‍ലെസ് ക്വദ്രത്തിനെ കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിയുടെ പ്രധാന പരിശീലകനായി നിയമിച്ചിരുന്നു. ഇതോടെയാണ് ഐഎസ്എല്‍ ചരിത്രത്തിലെ പുതിയ ഏടിന് തുടക്കമായത്.

നേരത്തെ ഐഎസ്എല്ലില്‍ വിദേശ കോച്ചുമാരുമായി മാത്രമേ കരാറില്‍ എത്താന്‍ പാടുള്ളുവായിരുന്നു. മുന്‍ രാജ്യാന്തര താരങ്ങളോ പരിശീലകരോ ആയിരുന്നു ഇതുവരെയുള്ള പരിശീലകര്‍. ടീമിന് അകത്തും പുറത്തും താരങ്ങളെ എത്തിച്ച് മാര്‍ക്കറ്റില്‍ തിളക്കമുള്ള ബ്രാന്റായി ഐഎസ്എല്ലിനെ മാറ്റുക എന്നതായിരുന്നു തീരുമാനത്തിന് പിന്നില്‍. ഇതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

ഇനിമുതല്‍ എഎഫ്‌സി എ, പ്രോ ലൈസന്‍സുകളുള്ള ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഐഎസ്എല്‍ ടീമുകളുടെ മാനേജരാകാന്‍ സാധിക്കും. നേരത്തെ മുഖ്യ പരിശീലകനാകണമെന്നു നിര്‍ബന്ധമില്ല. അസിസ്റ്റന്റ് കോച്ചായി നല്ല ട്രാക്ക് റെക്കോര്‍ഡുളളവരായാല്‍ മതിയാകും. കൂടാതെ ഇന്ത്യയില്‍ പരിശീലനം നടത്തിയവരാവുകയും വേണം.

ഇതോടെ തങ്ങളുടെ ടീമുകളെ ഇന്ത്യന്‍ സാഹചര്യങ്ങളുമായി അടുത്ത് പരിചയമുള്ള പരിശീലകരെ കൊണ്ട് പരിശീലിപ്പിക്കാനുള്ള അവസരമാണ് ടീമുകള്‍ക്ക് നല്‍കുന്നത്. ഐ ലീഗിലടക്കം തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ള ഇന്ത്യയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നേടിയ കോച്ചുമാര്‍ക്കും ഇത് വലിയ അവസരമാണ് തുറന്നിടുന്നത്. ഐഎസ്എല്ലിനെ ഇന്ത്യയുമായി കൂടുതല്‍ അടുപ്പിക്കാനും തീരുമാനം സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ