ബെംഗളൂരു: ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ബെംഗളൂരുവിനെ സമനിലയില്‍ തളച്ച് ജെംഷഡ്പൂര്‍ എഫ്‌സി. ആദ്യ പകുതിയില്‍ ഒരു ഗോളുമായി ബെംഗളൂരു മുന്നിലെത്തിയ കളിയില്‍ ജെംഷഡ്പൂര്‍ രണ്ടാം പകുതിയില്‍ ഒപ്പമെത്തുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നിഷു കുമാറാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. പന്തടക്കത്തിലും പാസിങ്ങിലും ബെംഗളൂരുവിനേക്കാള്‍ മുന്നില്‍ നിന്നെങ്കിലും ജംഷേദ്പുരില്‍ നിന്ന് മികച്ച മുന്നേറ്റങ്ങള്‍ അകന്നുനിന്നു. മറുഭാഗത്ത് ബെംഗളൂരു മികച്ച മുന്നേറ്റങ്ങളോടെ കളം നിറഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ഇടക്ക് താരങ്ങള്‍ നിയന്ത്രണം വിടുകയും ചെയ്തു. ഇതോടെ കളി ആവേശഭരിതമായി. 81ാം മിനുറ്റില്‍ ഗൗരവ്വ് മുഖി ജെംഷഡ്പൂരിനെ ഒപ്പമെത്തിച്ചു. കളി സമനിലയാകുമെന്ന് തോന്നി. 88ാം മിനുറ്റില്‍ മനോഹരമായൊരു ഗോളിലൂടെ സുനില്‍ ഛേത്രി ബെംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഇതോടെ കളി ബെംഗളൂരുവിന് സ്വന്തമായെന്ന് വെസ്റ്റ് ബ്ലോക്ക് വിധിയെഴുതി.

എന്നാല്‍ 94ാം മിനുറ്റില്‍ ഞെട്ടിച്ചുകൊണ്ട് സെര്‍ജിയോ സിഡോഞ്ച ജെംഷഡ്പൂരിനെ ഒപ്പമെത്തികുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook