/indian-express-malayalam/media/media_files/uploads/2021/01/Mumbai-City-FC-1.jpg)
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി മുംബൈ സിറ്റി എഫ്‌സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം ഏറ്റെടുത്ത മുംബൈ ബെംഗളൂരു പ്രതിരോധത്തെയും മുന്നേറ്റത്തെയും ഒരുപോലെ തകർത്തു. ജയത്തോടെ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ മുംബൈക്ക് സാധിച്ചു.
മുംബൈ പ്രതിരോധത്തെ വെല്ലുവിളിച്ച് മുന്നേറിയ മുംബൈ 15 മിനിറ്റിനുള്ളിൽ രണ്ട് തവണ ഗോൾവല ചലിപ്പിച്ചു. മികച്ച ഒത്തൊരുമയാണ് ടീമിന് അതിവേഗം രണ്ട് ഗോളിന്റെ ലീഡൊരുക്കിയത്. 9-ാം മിനിറ്റിൽ ഫാളിന്റെ വകയായിരുന്നു ഗോൾ. കോർണറിൽ നിന്ന് ബിപിൻ സിങ്ങെടുത്ത് കിക്ക് സന്റാന തലകൊണ്ട് ഫാളിന് കൈമാറി. ഹെഡറിലൂടെ തന്നെ ഫാൾ പന്ത് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു.
ആറ് മിനിറ്റുകൾക്കുള്ളിൽ ലീഡ് രണ്ടാക്കാൻ മുംബൈക്ക് സാധിച്ചു. ഇത്തവണ മുംബൈ താരങ്ങളെല്ലാം ഗോളെന്ന ലക്ഷ്യവുമായി മുന്നേറിയപ്പോൾ മികച്ച പാസിങ്ങിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. പന്തുമായി മുന്നേറിയ ഹെര്‍നന്‍ സന്റാന അത് ആദം ലെ ഫോണ്‍ഡ്രെയ്ക്ക് മറിക്കുന്നു. ഫോണ്‍ഡ്രെയുടെ ഫസ്റ്റ് ടൈം പാസ് മന്ദര്‍ റാവു ദേശായിയിലേക്ക്. പന്തുമായി മുന്നേറി മന്ദര്‍ നല്‍കിയ ക്രോസ്, ബോക്‌സിലേക്ക് ഓടിയെത്തിയ ബിപിന്‍ സിങ് വലയിലെത്തിച്ചു.
ഇതോടെ ബെംഗളൂരു പ്രതിരോധം ഉണർന്നു കളിച്ചെങ്കിലും മുംബൈ എതിരാളികളുടെ ഗോൾമുഖത്ത് നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആദ്യ 45 മിനിറ്റിനുള്ളിൽ ഗോളെന്നുറപ്പിച്ച അഞ്ചിലധികം മുന്നേറ്റങ്ങളാണ് മുംബൈ നടത്തിയത്. 41-ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയുടെ ഫ്രീകിക്ക് മാറ്റിനിർത്തിയാൽ ആദ്യ പകുതിയിൽ ഒരിക്കൽ പോലും മുംബൈക്ക് വെല്ലുവിളിയാകാൻ ബെംഗളൂരുവിന് സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഛേത്രി ബെംഗളൂരുവിന് തിരിച്ചുവരവിന് വഴിയൊരുക്കി. 77-ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന് അനുകൂലമായ പെനാൽറ്റി. ക്ലെയ്റ്റൻ സിൽവയുടെ മുന്നേറ്റം തടയാൻ മുർത്താത ഫാൾ ബെംഗളൂരു താരത്തെ ബോക്സിനുള്ളിൽ വീഴ്ത്തിയതാണ് പെനാൽറ്റിയിൽ കലാശിച്ചത്.
84-ാം മിനിറ്റിൽ ബെർത്തലോമ്യോ ഓഗ്ബച്ചെയുടെ ശ്രമമാണ് മുംബൈയുടെ മൂന്നാം ഗോളിന് വഴിവെച്ചത്. ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ പിഴവില്‍ നിന്നായിരുന്നു മുംബൈയുടെ മൂന്നാം ഗോള്‍. ഓഗ്ബച്ചെയുടെ ഹെഡര്‍ തടഞ്ഞെങ്കിലും നിലത്ത് വീണ ഗുര്‍പ്രീതിന്റെ കൈയില്‍ നിന്നും വഴുതിപ്പോയ പന്ത് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us