ബെംഗലുരു: ഇന്ത്യൻ സൂപ്പർ ലീഗിലെ എവേ മത്സരത്തിൽ ബെംഗലുരു എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേർസ് സമനില പിടിച്ചു. ആദ്യപകുതിയിൽ മുന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേർസ്, ബെംഗലുരുവിന് എതിരെ സമനില പിടിച്ചത്.
16ാം മിനിറ്റിൽ സ്ലാവിസ സ്റ്റൊജനോവിച്ചും 40ാം മിനിറ്റിൽ കറേജ് പെക്കൂസനും ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്റ്റേർസിന് രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ ഉദാന്ത സിങും 85ാം മിനിറ്റിൽ സുനിൽ ഛേത്രിയും ഗോളുകൾ സമ്മാനിക്കുകയായിരുന്നു.
ആദ്യപകുതിയിൽ 16ാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി സ്ലാവിസ സ്റ്റൊജനോവിച്ച് കൃത്യമായി വലയ്ക്കകത്താക്കിയാണ് ബ്ലാസ്റ്റേർസിനെ മുന്നിലെത്തിച്ചത്. ലീഡെടുത്ത ശേഷവും ബ്ലാസ്റ്റേർസ് ഉണർന്ന് കളിച്ചു. 40ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ഡങ്കലിനെ നീലപ്പടയുടെ നാല് പ്രതിരോധ താരങ്ങൾ വളഞ്ഞു. ഇതോടെ ഡങ്കൽ നീട്ടിനൽകിയ പാസ് മധ്യനിരയിൽ നിന്നും പാഞ്ഞെത്തിയ പെക്കൂസൻ നീട്ടിയടിച്ച് ഗോൾ വലയ്ക്ക് അകത്താക്കി. ബെംഗലുരുവിന്റെ വിശ്വസ്തനായ ഗോളി ഗുർപ്രീത് സിങിന് നോക്കിനിൽക്കാനേ സാധിച്ചുളളൂ.
രണ്ടാം പകുതിയിൽ ബെംഗലുരു തകർപ്പൻ തിരിച്ചുവരവ് നടത്തി. ആക്രമിച്ച് കളിച്ച നീലപ്പടയ്ക്ക് പിന്നിൽ വളരെ പിന്നിലായിരുന്നു ബ്ലാസ്റ്റേർസ്. മികച്ചതെന്ന് തോന്നാവുന്ന ഒരു നീക്കം പോലും മഞ്ഞക്കുപ്പായക്കാർ രണ്ടാം പകുതിയിൽ കാഴ്ചവച്ചില്ല. ഇതിന് പുറമെ മികുവിനെ ബ്ലാസ്റ്റേർസിന്റെ പ്രതിരോധ താരം പെസിച് കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചു.
ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതുളള ടീമാണ് ബെംഗലുരു. ആദ്യ പകുതിയുടെ അധിക സമയത്ത് ബെംഗലുരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മുന്നേറ്റം പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേർസിന് വീണ്ടുമൊരി തോൽവി കൂടി വഴങ്ങാമായിരുന്നു. തലതാഴ്ത്തി മുറിവേറ്റ സിംഹത്തെ പോലെയാണ് സുനിൽഛേത്രി ഹാഫ് ടൈമിൽ പുറത്തേക്ക് പോയത്. രണ്ടാം പകുതിയിൽ ഛേത്രിയെന്ന പടക്കുതിരയ്ക്ക് ഒപ്പം മികുവിനെയും രംഗത്തിറക്കി ബെംഗലുരു കളി പിടിച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെസ്റ്റ് ബ്ലോക് ബ്ലൂസിന്റെ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു.