ഐഎസ്എല്ലില്‍ രണ്ട് സീസണുകളില്‍ മാത്രമാണ് ബെംഗളൂരു എഫ്‌സി കളിച്ചിട്ടുള്ളത്. പക്ഷെ ഈ രണ്ട് സീസണ്‍ കൊണ്ടു തന്നെ ലീഗിലെ ഏറ്റവും ശക്തമായ ടീമും സ്ഥിരതയുള്ള ടീമുമായി ബെംഗളൂരു എഫ്‌സി മാറിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സി തങ്ങളുടെ കീരിടം നിലനിര്‍ത്തായി വീണ്ടും കച്ചമുറുക്കി ഇറങ്ങുകയാണ്.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും സാധിക്കാത്ത നേട്ടം ലക്ഷ്യമിട്ടാണ് സുനില്‍ ഛേത്രിയും സംഘവും ഐഎസ്എല്‍ മൈതാനത്തേക്ക് തിരിച്ചു വരുന്നത്. കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബായി മാറുകയാണ് ബെംഗളൂരു എഫ്‌സിയുടെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയെ തകര്‍ത്തായിരുന്നു ബെംഗളൂരു കിരീടം ഉയര്‍ത്തിയത്.

തുടര്‍ച്ചയായ 11 കളികളില്‍ തോല്‍ക്കാതെയായിരുന്നു കഴിഞ്ഞ സീസണില്‍ ബെംഗളൂരു ആധിപത്യമുറപ്പിച്ചത്. തങ്ങളുടെ ഉരുക്കുകോട്ടയായ ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നീലപ്പടയെ പരാജയപ്പെടുത്താന്‍ സീസണിൽ ഒരു ടീമിനും സാധിച്ചില്ല. ചില്ലറ ആശങ്കകള്‍ക്കൊടുവിലാണ് ഇത്തവണ ശ്രീകണ്ഠീരവ സ്‌റ്റേഡിയം ബെംഗളൂരുവിന് ലഭിച്ചത്. സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തത്തിന്റെ പേരിലും സീസണിന് മുമ്പ് തന്നെ ബെംഗളൂരു എഫ്‌സി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

പ്രീസീസണ്‍ മത്സരങ്ങളില്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 3-1 ന് പരാജയപ്പെടുത്തിയ ബെംഗളൂരു അതേ സ്‌കോറിന് ഗോകുലം കേരള എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഐഎസ്എല്ലില്‍ പന്തുരുളാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ബെംഗളൂരു പുറത്തെടുക്കുക എന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല.

കാല്‍പ്പന്ത് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വെനസ്വേലന്‍ സൂപ്പര്‍ താരം മിക്കു ടീം വിട്ടത്. ആ വിടവ് നികത്താനായി ബെംഗളൂരു സ്പാനിഷ് സ്‌ട്രൈക്കര്‍ മാനുവല്‍ ഒന്‍വുവിനെ ടീമിലെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരോസില്‍ നിന്നും സുരേഷ് സിങ് വാന്‍ങ്യാമിനേയും പ്രഭ്‌സുഖന്‍ സിങ്ങിനേയും നീലപ്പട സ്വന്തം തട്ടകത്തിലെത്തിച്ചിട്ടുണ്ട്. പൂനെ സിറ്റിയില്‍ നിന്നും മലയാളി താരം ആഷിഖ് കുരുണിയന്‍ കൂടി എത്തിയതോടെ ടീം ശക്തമായിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി താരമായി വിലയിരുത്തുന്ന ആഷിഖ് നാലു കൊല്ലത്തേക്കാണ് ബെംഗളൂരുവിലെത്തിയത്. മധ്യനിരയില്‍ ആഷിഖ് തുറക്കുന്ന അവസരങ്ങളിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍.

ISL, Football, ഐഎസ്എൽ, india football, ആഷിഖ് കുരുണിയൻ, ashique kuruniyan, bfc, bengaluru fc, isl transfer news, ബെംഗളൂരു എഫ്സി, indian football transfer news, fc pune city, ashique bfc, ട്രാൻസ്ഫർ, malappuram, bengaluru, indian super league, ashique kuruniyan bfc, kuruniyan, bengaluru fc transfers,ie malayalam, ഐഇ മലയാളം

കരുത്ത്

സ്ഥിരതയാണ് ബെംഗളൂരു എഫ്‌സിയുടെ കരുത്ത്. സ്‌ക്വാഡിലെ സ്ഥിരത മൈതാനത്തും ആവര്‍ത്തിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തുക എതിര്‍ ടീമുകള്‍ക്ക് ബാലി കേറാ മലയായി തുടരുന്നു. സുനില്‍ ഛേത്രി, ഉദാന്ത സിങ്, റിനോ ആന്റോ, ഗുര്‍പ്രീത് സന്ധു, ലിന്‍ജ്‌ഡോ, എറിക് പാര്‍ത്‌ലു, ഇവരെല്ലാം കുറേനാളായി ടീമിനൊപ്പമുണ്ട്. പരസ്പരമുള്ള ഇവരുടെ ധാരണയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. ടീമിന്റെ തന്ത്രങ്ങളുടെ കേന്ദ്രവും ഈ മുതിര്‍ന്ന താരങ്ങളാണ്. പ്രതിരോധത്തിലും മധ്യനിരയിലും മുന്‍നിരയിലും തങ്ങളുടെ റോള്‍ എന്താണെന്ന് വ്യക്തമായ ധാരണ ഓരോ താരങ്ങള്‍ക്കുമുണ്ട്.

ദൗര്‍ബല്യം

ഒറ്റനോട്ടത്തില്‍ ബെംഗളൂരുവില്‍ കുറവുകളൊന്നും കണ്ടില്ലെന്ന് വരാം. എന്നാല്‍ ഗോളടിയന്ത്രമായിരുന്ന മിക്കുവിന്റെ അഭാവം എങ്ങനെയായിരിക്കും നീലപ്പട മറി കടക്കുക എന്നത് കണ്ടറിയണം. പുതുതായി ടീമിലെത്തിയവരില്‍ മിക്കവരും യുവതാരങ്ങളാണ്. അവരെങ്ങനെ സമ്മർദത്തെ അതിജീവിക്കുമെന്നത് കണ്ടറിയണ്ടേതാണ്. പ്രതിരോധത്തില്‍ റിനോ ആന്റോ മാത്രമാണ് അനുഭവ സമ്പത്തുള്ള താരം.

സുനില്‍ ഛേത്രി

സ്‌ക്വാഡ്

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, പ്രഭ്‌സുഖന്‍ സിങ് ഗില്‍,ആദിത്യ പത്ര.

പ്രതിരോധ താരങ്ങള്‍: രാഹുല്‍ ബെക്കെ, യുനാന്‍ ഗോണ്‍സാലെസ്, ആല്‍ബര്‍ട്ട് സെറാന്‍, നിഷു കുമാര്‍, റിനോ ആന്റോ, സായ്‌റ്വാത് കിമ, ഗുര്‍സിമ്രത് സിങ് ഗില്‍, പരഗ് ശ്രീവാസ്.

മിഡ് ഫീല്‍ഡേഴ്‌സ്: എറിക് പാര്‍തലൂ, ദിമസ് ഗെല്‍ഗാഡോ, റാഫേല്‍ ഓഗസ്‌റ്റോ, ഹര്‍മന്‍ജോത് സിങ് ഖാബ്ര, യൂനെസണ്‍ ലിജോങ്, കീന്‍ ല്യൂയിസ്, സുരേഷ് സിങ് വാങ്യം, അജയ് ഛേത്രി.

ഫോര്‍വേഡ്‌സ്: സുനില്‍ ഛേത്രി, ഉദാന്ത സിങ്, ആശിഖ് കുരുണിയന്‍, മാനുവല്‍ ഓന്‍വു, ഹാവോകിപ്, എഡ്മണ്ട് ലാല്‍റിനിഡ്ക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook