ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിൽ മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സിക്ക് വേണ്ടി പന്ത് തട്ടും. പൂനെ സിറ്റി എഫ്സിയിൽ നിന്നുമാണ് ആഷിഖ് ബെംഗളൂരുവിൽ എത്തുന്നത്. ബെംഗളൂരു ടീമിനൊപ്പം ചേർന്ന കാര്യം ആഷിഖ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഇരുപത്തിരണ്ടുകാരനായ ആഷിഖ് 70 ലക്ഷം രൂപയ്‌ക്കാണ് ബെംഗളൂരുവിലെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നാല് വർഷത്തെ കരാറാണ് ക്ലബ്ബുമായി ആഷിഖ് ഒപ്പുവച്ചിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ 2022-2023 സീസൺ വരെ ആഷിഖ് ബെംഗളൂരുവിൽ തുടരും. പുതിയ സീസണിൽ ബെംഗളൂരു ടീമിലെത്തിക്കുന്ന ആറാമത്തെ താരമാണ് ആഷിഖ്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്കൊപ്പമായിരിക്കും താരത്തിന്റെ പുതിയ സഖ്യം. മധ്യനിര താരമാണെങ്കിലും മുന്നേറ്റനിരയിലും തിളങ്ങാൻ ആഷിഖിന് സാധിക്കും.
Also Read: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി പൂനെ സിറ്റിക്ക് ഫൈനൽ വിസിൽ; പുതിയ ക്ലബ് ഹൈദരാബാദിൽ നിന്ന്
സ്‌പാനിഷ് വമ്പന്മാരായ വിയറയലിന്റെ സി ടീമിൽ നിന്നുമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിയിലേക്ക് എത്തുന്നത്. പൂനെക്ക് വേണ്ടി 26 മത്സരങ്ങളിൽ കളിച്ച താരം മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീമിലും ആഷിഖ് കളിച്ചിട്ടുണ്ട്.
Also Read: മലയാളി താരം സി.കെ.വിനീത് ഇനി ജംഷഡ്പൂർ എഫ്സിയിൽ
അതേസമയം മലയാളി താരം സി.കെ.വിനീതും ക്ലബ്ബ് മാറി. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സി.കെ.വിനീത് കഴിഞ്ഞ സീസണിന്റെ പാതിയിൽ ലോണടിസ്ഥാനത്തിൽ ചെന്നൈയിൻ എഫ്സിയിൽ എത്തിയിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം പുതിയ തട്ടകത്തിലെത്തിയത്. ക്ലബുമായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പ് വച്ചിരിക്കുന്നത്.