ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരിക്കൽകൂടി അവസാന മിനിറ്റ് ഗോളിൽ വിജയം കണ്ടെത്തി എടികെ മോഹൻ ബഗാൻ. ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. 90 മിനിറ്റും ഗോൾരഹിതമായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ വില്യംസണിന്റെ ഗോളാണ് കൊൽക്കത്തൻ വമ്പന്മാർക്ക് വിജയമൊരുക്കിയത്. സീസണിൽ എടികെ മോഹൻ ബഗാൻ നേടുന്ന ഏഴാം വിജയം കൂടിയാണിത്.

മത്സരത്തിന്റെ തുടക്കം മുതൽ ചെന്നൈ ഉണർന്ന് കളിച്ചപ്പോൾ പ്രതിരോധം ആയുധമാക്കിയായിരുന്നു ഇന്നും എടികെ മോഹൻ ബഗാൻ കളത്തിലിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ചെന്നൈ മുന്നേറ്റങ്ങളെ ഒന്നൊന്നായി കൊൽക്കത്തൻ പ്രതിരോധം നിഷ്ഫലമാക്കി. 17-ാം മിനിറ്റിലാണ് മോഹൻ ബഗാൻ മത്സരത്തിലെ തങ്ങളുടെ ആദ്യ മുന്നേറ്റം നടത്തുന്നത്. മൻവീർ സിങ് ചെന്നൈ പകുതിയിലേക്ക് കടന്ന് മുന്നേറിയെങ്കിലും റോയ് കൃഷ്ണയ്ക്ക് കൃത്യമായി പന്ത് നൽകുന്നതിൽ പരാജയപ്പെട്ടു.

Also Read: വംശിയാധിക്ഷേപം: മത്സരം തുടരാൻ കാരണം രഹാനെയുടെ ഉറച്ച തീരുമാനമെന്ന് സിറാജ്

ഇതോടെ മത്സരത്തിന്റെ വേഗതയിലും എടികെ മോഹൻ ബഗാൻ മാറ്റം വരുത്തിയ. ഒന്നിലധികം അവസരങ്ങൾ ആദ്യ പകുതിയിൽ കൊൽക്കത്ത നടത്തി. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. 38-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ നായകന്‍ റോയ് കൃഷ്ണയ്ക്ക് ചെന്നൈ ബോക്‌സിനകത്ത് മികച്ച ഹെഡ്ഡര്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.

Also Read: ടെസ്റ്റ് ക്യാപ്റ്റൻസി: കോഹ്‌ലിക്ക് ഭീഷണിയായി രഹാനെ, സാധ്യതകൾ ഇങ്ങനെ

ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലും എടികെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കിട്ടിയ അവസരങ്ങൾ മുന്നേറ്റങ്ങളായും ഗോളായും മാറ്റുന്നതിൽ കൊൽക്കത്തൻ പ്രതിരോധം ചെന്നൈക്ക് വിലങ്ങു തടിയായി.

ഇഞ്ചുറി ടൈമിൽ ലഭിച്ച കോർണർ കൃത്യമായി വലയിലെത്തിച്ച് കൊൽക്കത്ത മൂന്ന് പോയിന്ര് സ്വന്തമാക്കുകയായിരുന്നു. ഹെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്ക് ചെന്നൈയിന്‍ ബോക്‌സിലേക്ക് താണിറങ്ങി. ഇത് ലക്ഷ്യംവെച്ച് ഉയര്‍ന്ന ഡേവിഡ് വില്യംസ് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്തിനെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് കുത്തിയിട്ടു.

Also Read: അഭിമാനമായി സഞ്ജു; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ഐപിഎൽ ടീമുകൾ

വിജയമുറപ്പിച്ച കൊൽക്കത്തൻ താരങ്ങളുടെ ആവേശത്തെ ഒരു നിമിഷം ഇല്ലാതാക്കാൻ ചെന്നൈക്ക് സാധിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ചെന്നൈയുടെ സിപോവിച്ച് ഗോള്‍കീപ്പറില്ലാത്ത മോഹന്‍ ബഗാന്‍ ബോക്‌സിലേക്ക് നല്ലൊരു ഹെഡ്ഡര്‍ പായിച്ചെങ്കിലും ഗോള്‍ലൈനില്‍ പ്രതിരോധതാരം ടിറി രക്ഷകനാവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook