scorecardresearch
Latest News

ISL 2022: Kerala Blasters vs FC Goa Score Updates: ഗോവയോട് ‘ഗോ’ പറഞ്ഞ് ബ്ലാസ്റ്റേഴ്സ്; ഉജ്വല വിജയം (3-1)

അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ്, കലിയുസ്നി എന്നിവരാണ് മഞ്ഞപ്പടയ്ക്കായി ഗോള്‍ നേടിയത്

ISL 2022: Kerala Blasters vs FC Goa Score Updates: ഗോവയോട് ‘ഗോ’ പറഞ്ഞ് ബ്ലാസ്റ്റേഴ്സ്; ഉജ്വല വിജയം (3-1)
Photo: Twitter/ Kerala Blasters FC

ISL 2022: Kerala Blasters vs FC Goa Score Updates: ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഗോവയെ പരാജയപ്പെടുത്തിയത്. അഡ്രിയാന്‍ ലൂണ (42′), ദിമിത്രിയോസ് (45′), ഇവാന്‍ കലിയുസ്നി (52′) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. നോഹ് സദോയിയാണ് (67′) ഗോവയ്ക്കായി ഗോള്‍ മടക്കിയത്.

തിരിച്ചുവരവിന്റെ ആദ്യ പകുതി

തുടക്കം മുതല്‍ പന്ത് കൈവശം വച്ചുള്ള കളിയായിരുന്നു ഗോവ പുറത്തെടുത്തത്. മറുവശത്ത് ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോളും സ്വീകരിച്ചു. ഏഴാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനാണ് ആദ്യ അവസരം ലഭിച്ചത്. രാഹുല്‍ കെപി നല്‍കിയ പാസ് ബോക്സിനുള്ളില്‍ നിന്ന് സ്വീകരിച്ച സഹല്‍ അബ്ദുള്‍ സമദ് ഷോട്ടുതിര്‍ത്തെങ്കിലും ഗോവന്‍ ഗോളി ധീരജ് തടഞ്ഞിട്ടു.

13 മിനുറ്റിലായിരുന്നു ഗോവയുടെ ആദ്യ ശ്രമം. നോഹ് ബോക്സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ ആല്‍വാരോ വാസ്ക്വസിന്റെ ഗോള്‍ശ്രമം. ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ സേവ് വാസ്ക്വസിന് ഗോള്‍ നിഷേധിച്ചു. 13, 18 മിനുറ്റുകളില്‍ ദിമിത്രിയോസിലൂടെ മുന്നിലെത്താന്‍ മഞ്ഞപ്പട കളി മെനഞ്ഞെങ്കിലും ഗോവയുടെ പ്രതിരോധം ഉലയാതെ നിലകൊണ്ടു.

42-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിങ്ങില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. രാഹുല്‍ ബോക്സിനുള്ളിലേക്ക് നല്‍കിയ ക്രോസ് സഹല്‍ സ്വീകരിച്ചു. സഹലിന്റെ പാസ് സ്വീകരിച്ച ലൂണ അനായാസം പന്ത് വലയിലെത്തിച്ചു. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം ദിമിത്രിയോസിനെ ഗോവന്‍ താരം അന്‍വര്‍ അലി ബോക്സിനുള്ളില്‍ വീഴ്ത്തി. റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. ഞൊടിയിടയില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍.

കളി പിടിക്കുന്ന രണ്ടാം പകുതി

മുന്നിലായിട്ടും പിന്‍വലിഞ്ഞ് നില്‍ക്കാന്‍ താത്പര്യമില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. 52-ാം മിനുറ്റില്‍ മൂന്നാം ഗോള്‍ വീണും. ദിമിത്രിയോസിന്റെ പാസില്‍ നിന്നായിരുന്നു കലിയുസ്നി ലക്ഷ്യം കണ്ടത്. അതും ആരെയും അമ്പരപ്പിക്കുന്ന ലോങ് റെയ്ഞ്ചറിലൂടെ. സീസണിലെ താരത്തിന്റെ നാലാം ഗോളാണിത്.

മൂന്നാം ഗോള്‍ വീണതോടെ ഗോവന്‍ മുന്നേറ്റനിര തുടരെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖം ആക്രമിച്ചു. 59-ാം മിനുറ്റില്‍ വാസ്ക്വസ് ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പക്ഷെ അധികം വൈകാതെ തന്നെ നോഹ് ഗോവയുടെ ആദ്യ ഗോള്‍ കണ്ടെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോളിന്റെ തുടക്കം. സെരിറ്റണ്‍ ഫെര്‍ണാണ്ടസ് ബോക്സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് നോഹ് അനായാസം ഹെഡ് ചെയ്ത് വലയിലെത്തിച്ചു.

ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഗോവ നാലാം സ്ഥാനത്ത് തുടരും.

കേരള ബ്ലാസ്റ്റേഴ്സ്

പ്രഭ്സുഖൻ ഗിൽ, സൊറൈഷാം സന്ദീപ് സിങ്, റൂയിവ ഹോർമിപാം, നിഷു കുമാർ, മാർക്കോ ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ്, സഹൽ അബ്ദുള്‍ സമദ്, ദിമിത്രിയോസ് ഡയമന്റകോസ്, രാഹുൽ കെ പി, ഇവാൻ കലിയുസ്‌നി.

എഫ് സി ഗോവ

ധീരജ് മൊയ്‌റാങ്‌തെം, അൻവർ അലി, സെറിട്ടൺ ഫെർണാണ്ടസ്, രക്ഷകൻ ഗാമ, ഐബൻഭ ഡോഹ്‌ലിങ്, ബ്രാൻഡൻ ഫെർണാണ്ടസ്, ആയുഷ് ദേവ് ഛേത്രി, ഇകർ ഗുരോത്‌ക്‌സേന, എഡ്വാർഡോ ബേഡിയ പെലേസ്, നോഹ് വെയിൽ സദൗയി, അൽവാരോ വാസ്‌ക്വസ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2022 kerala blasters vs fc goa live score updates