ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ നിരാശപ്പെടുത്തിയതും ഇതേ ബ്ലാസ്റ്റേഴ്‌സ് തന്നെയാകും. 2016ൽ ഫൈനലിൽ കൊൽക്കത്തയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് അതിന് ശേഷമുള്ള സീസണുകളിലെല്ലാം പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായി ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. ‘കടം വീട്ടുമെന്ന’ പ്രതീക്ഷയോടെ ടീമിന് പിന്നാലെ ശക്തമായി അണിനിരഞ്ഞ മഞ്ഞപ്പട ആരാധകർക്ക് അത് സമ്മാനിച്ചത് വലിയ നിരാശയായായിരുന്നു.
എന്നാൽ 2022ൽ കളി മാറി. കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് സീസണിലെ ഏറ്റവും ശക്തമായ ടീമായി മാറി. ആദ്യ ഘട്ടം അവസാനിക്കുമ്പോൾ തുടർച്ചയായ 10 ജയങ്ങളുമായി കൊമ്പന്മാർ എതിർടീമുകൾ എല്ലാം നേരിടാൻ ഭയക്കുന്ന ടീമായി മാറി. സീസണിലെ ഇരുപത് കളികളിൽ ബ്ലാസ്റ്റേഴ്‌സ് തോൽവിയറിഞ്ഞത് നാലെണ്ണത്തിൽ മാത്രമാണ്. ഏഴ് സമനിലയും ഒൻപത് ജയവും കൂടി ആയപ്പോൾ 34 പോയിന്റുമായി ആറ് വർഷങ്ങൾക്ക് ശേഷം പോയിന്റ് ടേബിളിൽ നാലാമതായി ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ ബർത്ത് പിടിച്ചു.
ഇതിനിടെ ഗോൾ അടിയിലും ബ്ലാസ്റ്റേഴ്‌സിന് മികവ് പുലർത്താനായി. ആകെ 24 ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 34 എണ്ണമാണ് എതിരാളികളുടെ വലയിലാക്കിയത്. ഐഎസ്എല്ലിന്റെ കഴിഞ്ഞ എട്ട് സീസണുകളിൽ ഗോളെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഗോളടിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങൾ ഒന്നും പിശുക്ക് കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്. ഹോർഗെ പേരേര ഡിയാസ് എട്ട്, അൽവാരോ വാസ്ക്വേസ് എട്ട്, സഹൽ അബ്ദുൽ സമദ് ആറ്, അഡ്രിയൻ ലൂണ ആറ്, വിൻസി ബരേറ്റോ രണ്ട്, നിഷുകുമാർ, എന്നെസ് സിപോവിച്ച്, കെ.പ്രശാന്ത്, ഹർമൻജോത് ഖബ്ര, ജീക്സൺ സിങ് എന്നിവര്‍ ഓരോ ഗോൾ വീതവുമാണ് കൊമ്പന്മാർക്കായി വലയിൽ എത്തിച്ചത്.
ഇതിന് മുൻപ് രണ്ട് തവണയാണ് കൊമ്പന്മാർ ഫൈനലിൽ എത്തിയത്. ആദ്യത്തേത് ഐഎസ്എല്ലിന്റെ പ്രഥമ സീസണായ 2014ൽ ആയിരുന്നു. അന്ന് ഏറ്റവും ശക്തമായ ടീമായി ഫൈനലിലേക്ക് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് എടികെയ്ക്ക് മുന്നിൽ തോൽവി വഴങ്ങുകയായിരുന്ന. രണ്ടാം തവണയും കൊൽക്കത്ത തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷകൾക്ക് വിരാമമിട്ടത്. 2016ൽ ആയിരുന്നു ഇത്. ഹൈദരാബാദും എടികെ മോഹൻ ബഗാനും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ എടികെ ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു കൊൽക്കത്ത ഫ്രാഞ്ചൈസി ആയുള്ള മൂന്നാം ഫൈനലിന് അത് സാക്ഷ്യം വഹിക്കും. എന്നാൽ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിന് കിരീടം സമ്മാനിക്കും എന്ന ഉറച്ച വിശ്വാസമാണ് മഞ്ഞപ്പടയുടെ ആരാധകർക്ക്.
Also Read: ജംഷധ്പൂരിനെതിരെ സമനിലയിൽ തളച്ച്; മഞ്ഞപ്പടയ്ക്ക് ഇനി ഫൈനൽ പോരാട്ടം