Latest News

മാറിമറിയുന്ന തന്ത്രങ്ങള്‍; ഫലം നിരാശയും

പ്രതിഭാധനരായ താരങ്ങളെ വേണ്ട വിധം ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ കഴിഞ്ഞ സീസണ്‍ ആവര്‍ത്തിക്കുമെന്നതില്‍ തര്‍ക്കമില്ല

കഴിഞ്ഞ സീസണിന്റെ തനിയാവര്‍ത്തനത്തിന് ഒരുങ്ങുകയാണോ കേരള ബ്ലാസ്റ്റേഴ്സ്? ഇന്നലത്തെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കണ്ട ഏതൊരു കാണിക്കും തോന്നിയേക്കാവുന്ന സംശയമാണിത്. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വച്ചത്. പക്ഷെ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതിന് കൊടുക്കേണ്ടി വന്ന വില രണ്ട് പോയിന്റാണ്.

പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ മുന്നേറ്റം പാളി

എടികെ മോഹന്‍ ബഗാന്റെ ശക്തരായ മുന്നേറ്റ നിരയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനെ ആയിരുന്നു ആദ്യ മത്സരത്തില്‍ കണ്ടത്. പിഴവ് നികത്താനായി നോര്‍ത്ത്ഈസ്റ്റിനെതിരെ സിപോവിച്ചിനേയും ലെസ്കോവിച്ചിനേയും ആദ്യ ഇലവെനില്‍ എത്തിച്ച പരിശീലകന്‍ വുകോമനോവിച്ചിന്റെ തന്ത്രം ഫലം കണ്ടും എന്ന് പറയാം. സിപോവിച്ചിന്റെ ഇടപെടലായിരുന്നു ബ്ലാസ്റ്റേഴ്സിന് പല തവണയും രക്ഷയായത്.

പക്ഷെ പ്രതിരോധം ബലപ്പെടുത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് മുന്നേറ്റത്തിലെ കരുത്തായിരുന്നു. എടികെയ്ക്കെതിരെ രണ്ട് ഗോള്‍ മടക്കിയ ഊര്‍ജം നഷ്ടമായ മുന്നേറ്റ നിരയെ ആയിരുന്നു കളത്തില്‍ കണ്ടത്. സിപോവിച്ചിനേയും ലെസ്കോവിച്ചിനേയും ടീമിലുള്‍പ്പെടുത്തിയപ്പോള്‍ ആല്‍വാരൊ വാസ്കെസിന് ബെഞ്ചിലിരിക്കേണ്ടി വന്നു. എടികെയ്ക്കെതിരെ തിളങ്ങിയ വാസ്കെസിന്റെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയുടെ പ്രകടനം തീര്‍ത്തും മങ്ങി.

ആശയക്കുഴപ്പത്തിലായ മധ്യനിര

ആദ്യ മത്സരത്തില്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര കാഴ്ച വച്ചത്. എന്നാല്‍ നോര്‍ത്ത്ഈസ്റ്റിനെതിരെ ശരാശരിയിലും താഴെ ആയിരുന്നു പ്രകടനം. പലതവണ മുന്നേറാനുള്ള അവസരം ലഭിച്ചെങ്കിലും മൈനസ് പാസുകളിലൂടെ അതെല്ലാം വിഫലമാക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ പ്രതിരോധ മികവും കാരണമായി എന്ന് പറയാം.

പലപ്പോഴും പാസ് സ്വീകരിക്കുന്നതിലും കൊടുക്കുന്നതിലും മധ്യനിരയില്‍ ആശയക്കുഴപ്പം നിലനിന്നു. പന്ത് കൈമാറാന്‍ ചിന്തിക്കുന്ന സമയം കൊണ്ട് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ അവരുടെ പകുതി ഭദ്രമാക്കിയതോടെ വീണ്ടും കുറിയ പാസുകളുമായി ഇഴഞ്ഞുള്ള നീക്കമായിരുന്നു കളത്തിലുണ്ടായത്. എങ്കിലും ബ്ലാസ്റ്റേഴ്സിന് അവസരങ്ങള്‍ സൃഷ്ടിക്കാനായി. നോര്‍ത്ത്ഈസ്റ്റിന് അതിനും സാധിക്കാതെ പോയി.

പാഴാക്കിയ രണ്ട് അവസരങ്ങള്‍ക്ക് മറുപടിയുണ്ടോ?

എടികെ മോഹന്‍ ബഗാനെതിരെ തോല്‍വിയിലും ബ്ലാസ്റ്റേഴ്സ് നേടിയ ഗോളുകള്‍ തല ഉയര്‍ത്തി തന്നെ നിന്നിരുന്നു. എന്നാല്‍ നോര്‍ത്ത്ഈസ്റ്റിനെതിരെ രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിക്കൊണ്ടായിരുന്നു തുടര്‍ച്ച. അതും ടീമിലെ തന്നെ ഏറ്റവും പ്രതിഭാധനരായ താരങ്ങള്‍. തെറ്റ് ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് പരിശീലകന്‍ ഒഴിഞ്ഞെങ്കിലും അങ്ങനെയങ്ങ് വിട്ടുകളയാന്‍ സാധിക്കുന്ന ഒന്നല്ലായിരുന്നു അത്.

36-ാം മിനിറ്റിലായിരുന്നു ആദ്യ അവസരം വീണുകിട്ടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ലക്രയില്‍ നിന്ന് തട്ടിയെടുത്ത പന്ത് ആഡ്രിയാന്‍ ലൂണ പെരേര ഡയാസിന് നല്‍കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച പന്ത് ഷോട്ടിന് മുതിരാത ഡയാസിന്റെ ശ്രമം. പിന്നീട് മുന്ന് പ്രതിരോധ താരങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ച് ഉതിര്‍ത്ത ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേയ്ക്ക്.

എന്നാല്‍ ഡയാസിനേക്കാള്‍ മികച്ച അവസരം ലഭിച്ചത് സഹല്‍ അബ്ദുള്‍ സമദിനായിരുന്നു. കളിയിലെ ഏറ്റവും മികച്ച മുന്നേറ്റവുമായി അരങ്ങേറ്റക്കാരന്‍ വിന്‍സി ബാരറ്റൊ. നോര്‍ത്ത്ഈസ്റ്റിന്റെ താരങ്ങളെ പിന്നിലാക്കി ഗോള്‍മുഖത്തേയ്ക്ക് കുതിച്ചു. ഒടുവില്‍ ബുദ്ധിപൂര്‍വം സഹലിന് പന്ത് കൈമാറി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സഹലിന് പഴച്ചു. വീണ്ടും പന്ത് പുറത്തേയ്ക്കു തന്നെ.

പ്രതീഷയായി നിഷു-വാസ്കെസ് സഖ്യം

അവസരങ്ങള്‍ പാഴാക്കിയ ഡയാസിനും സഹലിനും പകരക്കാരനായി നിഷു കുമാറും വാസ്കെസും എത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തില്‍ ഊര്‍ജം വന്നുവെന്ന് പറയാം. 83-ാം മിനിറ്റില്‍ വരുത്തിയ മാറ്റം ശെരിയെന്നുറപ്പിക്കും വിധം നിഷുവിന്റെ മുന്നേറ്റം. പന്ത് വാസ്കെസിന് ഉയര്‍ത്തി നല്‍കി. കിട്ടിയ അവസരം പാഴാക്കാതെ മനോഹരമായൊരു ഹെഡര്‍ ശ്രമം വാസ്കെസ് നടത്തി. പക്ഷെ സുഭാഷിഷിന്റെ ഉഗ്രന്‍ സേവ് വീണ്ടും ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ക്ക് വിള്ളലേല്‍പ്പിച്ചു. മത്സരത്തിന്റെ അധിക സമയത്ത് വാസ്കെസ് വീണ്ടും ബോക്സിനുള്ളില്‍ നിന്ന് ഗോള്‍ ശ്രമം. മികച്ചൊരു ഷോട്ട് ഉതിര്‍ക്കാന്‍ താരത്തിന് കഴിഞ്ഞു. എന്നാല്‍ നേരിയ വെത്യാസത്തില്‍ പന്ത് ലക്ഷ്യം തെറ്റി.

ഇനിയെന്ത്?

രണ്ട് മത്സരങ്ങള്‍ പിന്നിട്ടു. നേടിയത് ഒരു പോയിന്റ്. ആദ്യ മത്സരത്തില്‍ പ്രതിരോധത്തെ പഴിച്ചു. രണ്ടാം മത്സരത്തില്‍ മുന്നേറ്റ നിരയേയും. വാസ്കെസിനെ പോലെ കൃത്യതയും വേഗതയുമുള്ള താരത്തെ ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. നിഷു കുമാര്‍ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നത് പോലെ കൂടുതല്‍ സമയം കളത്തില്‍ നല്‍കണം. മധ്യനിരയില്‍ കൃത്യമായ ഒരു കോമ്പീനേഷന്‍ കണ്ടെത്തേണ്ടതും അനിവാര്യം. ആഡ്രിയാന്‍ ലൂണ പലപ്പോഴും ഒറ്റപ്പെടുന്ന അവസ്ഥയുമുണ്ടാകുന്നു. പ്രതിഭാധനരായ താരങ്ങളെ വേണ്ട വിധം ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ കഴിഞ്ഞ സീസണ്‍ ആവര്‍ത്തിക്കുമെന്നതില്‍ തര്‍ക്കമില്ല.

Also Read: ISL 2021/22, FC Goa Vs Jamshedpur FC Live Streaming: ഇന്ന് ഗോവ-ജംഷഡ്പൂര്‍ പോരാട്ടം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 kerala blasters vs northeast united review

Next Story
ISL 2021/22, FC Goa Vs Jamshedpur FC Live Streaming: ഇന്ന് ഗോവ-ജംഷഡ്പൂര്‍ പോരാട്ടംFC Goa Vs Jamshedpur FC
The moderation of comments is automated and not cleared manually by malayalam.indianexpress.com