ഗോവ: പുതുവർഷത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് വൻ തിരിച്ചടി. മുംബെെ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങി. രണ്ടാം പകുതിയിൽ തിരിച്ചുവരവിനായി കേരളം പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യങ്ങളൊന്നും ഫലം കണ്ടില്ല.
ആദ്യ 11 മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോൾ വഴങ്ങേണ്ടി വന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ എതിരാളികളായ മുംബെെ സിറ്റി എഫ്സി പെനാൽട്ടിയിലൂടെ ആദ്യ ഗോൾ നേടി. ആദം ലെ ഫോൺട്രേയാണ് മുംബെെ സിറ്റിക്ക് വേണ്ടി പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ കേരളം പ്രതിരോധത്തിലായി.
ഒരു ഗോളിന് ലീഡ് ചെയ്യുകയായിരുന്നു മുംബെെ കൂടുതൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി. 11-ാം മിനിറ്റിൽ ഹ്യൂഗോ ബൗമസാണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ കൊമ്പൻമാർ കൂടുതൽ പ്രതിരോധത്തിലായി.
ഈ ഐഎസ്എൽ സീസണിലെ 44-ാം മത്സരമാണ് ഇന്ന് പൂർത്തിയായത് .
അവസാന മത്സരത്തിൽ ഹൈദരബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങിയത്. എന്നാൽ, ഈ ആത്മവിശ്വാസം വിജയത്തിലെത്തിക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. ഈ സീസണിൽ ആദ്യ എട്ട് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. നാല് മത്സരങ്ങളിൽ തോൽവി വഴങ്ങി.
അതേസമയം, എട്ട് മത്സരങ്ങളിൽ നിന്ന് മുംബെെ സിറ്റി എഫ്സി ആറ് വിജയം നേടിയിട്ടുണ്ട്.