ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ഈസ്റ്റ് ബംഗാള്‍-ഒഡീഷ മത്സരത്തില്‍ ഗോള്‍ മഴ. പത്ത് ഗോള്‍ പിറന്ന മത്സരത്തില്‍ 6-4 ന് ഈസ്റ്റ് ബംഗാളിനെ ഒഡീഷ കീഴടക്കി. ഹെക്ടര്‍ റോഡാസ് (33, 40), സാവി ഫെര്‍ണാണ്ടസ് (45), അരിഡായി കബ്രേര (71, 90+3), ഇസക്ക് വൻലാൽറുഅത്ഫെല (83) എന്നിവരാണ് ഒഡീഷയ്ക്കായി സ്കോര്‍ ചെയ്തത്. ഡാരന്‍ സിഡോയല്‍ (13), തോങ്‌ഖോസിയം ഹാക്കിപ്പ് (81), ഡാനിയല്‍ ചിമ (90, 90+2) എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഗോള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഈസ്റ്റ് ബംഗാള്‍. 13-ാം മിനിറ്റില്‍ ശ്രമങ്ങള്‍ ഫലം കാണുകയും ചെയ്തു. രാജു ഗെയ്ക്വാദിന്റെ ലോങ് ത്രോയാണ് ഗോളിന് വഴി വച്ചത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡാരന്റെ ഷോട്ട്. അനായാസം പന്ത് വലയിലെത്തിയതോടെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി.
ആദ്യ ഗോള്‍ നല്‍കിയ ഊര്‍ജം ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയില്‍ പിന്നീടുമുണ്ടായി. തുടരെ ഒഡീഷ ഗോള്‍ മുഖം അവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കളിയുടെ ആദ്യ 30 മിനിറ്റുകളില്‍ ഒഡീഷയ്ക്ക് മുകളില്‍ ഈസ്റ്റ് ബംഗാളിന് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ 33-ാം മിനിറ്റില്‍ റോഡാസിലൂടെ ഒഡീഷ ഒപ്പമെത്തി. സാവിയുടെ മനോഹരമായ കോര്‍ണറില്‍ നിന്നായിരുന്നു സമനില ഗോള്‍ പിറന്നത്. റോഡാസ് ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ സാവി-റോഡാസ് കൂട്ടുകെട്ട് ഒഡീഷയ്ക്ക് ലീഡ് സമ്മാനിച്ചു. ഇത്തവണയും കോര്‍ണറില്‍ നിന്ന് നേടിയ ഹെഡറാണ് ലക്ഷ്യത്തിലെത്തിച്ചത്.
എന്നാല്‍ ഗോള്‍ വെട്ട അവസാനിപ്പിക്കാന്‍ ഒഡീഷ തയാറായിരുന്നില്ല. ഇരട്ട പ്രഹരത്തിന് പിന്നാലെ ഒഡീഷ ലീഡ് രണ്ടായി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍കെയായിരുന്നു മൂന്നാം ഗോള്‍. ഇത്തവണ കോര്‍ണറെടുത്ത സാവി പന്ത് നേരിട്ട് തന്നെ വലയിലെത്തിച്ചു.
അടിയും തിരിച്ചടിയുമായി രണ്ടാം പകുതി
ആദ്യ പകുതിയുടെ ഇരട്ടി ആവേശം നിറഞ്ഞതായിരുന്നു രണ്ടാം പകുതി. അരിഡായി കബ്രേര 71-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി ആരംഭിച്ച ഗോളടി അധിക സമയത്താണ് അവസാനിച്ചത്. കബ്രേരയുടെ ആദ്യ ഗോളോടെ ഒഡീഷ 4-1 ന് മുന്നിലെത്തി. അനായാസ ജയത്തിലേക്ക് ഒഡീഷ പോകുമെന്ന് തോന്നിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ കളി കൈവിടാന്‍ തയാറായിരുന്നില്ല.
81-ാം മിനിറ്റില്‍ തോങ്‌ഖോസിയം ഹാക്കിപ്പ് ഈസ്റ്റ് ബംഗാളിനായി രണ്ടാം ഗോള്‍ നേടി. എം. റഫീഖിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ വീണത്. രണ്ട് മിനിറ്റുകള്‍ക്ക് ഇസക്ക് വൻലാൽറുഅത്ഫെലയിലൂടെ ഒഡീഷയുടെ അഞ്ചാം ഗോള്‍. വന്‍മല്‍സവ്മയുടെ മനോഹരമായ പന്തില്‍ നിന്നായിരുന്നു ഇസക്ക് ഗോള്‍ നേടിയത്.
മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു മൈതാനത്ത് കളി മുറുകിയത്. 90-ാം മിനിറ്റില്‍ ഡാനിയല്‍ ചിമയുടെ ആദ്യ ഗോള്‍. കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍ വീണത്. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഒഡീഷയുടെ പ്രതിരോധ പിഴവില്‍ റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത ചിമയ്ക്ക് പിഴച്ചില്ല. ഈസ്റ്റ് ബംഗാള്‍ നാലാം ഗോള്‍ കണ്ടെത്തി.
മത്സരം ആര്‍ക്ക് വേണമെങ്കിലും സ്വന്തമാക്കമെന്ന ഗതിയിലേക്കെത്തി. സ്കോര്‍ 5-4. ഒഡീഷ ഒരു ഗോളിന് മുന്നില്‍. സമനില ഗോള്‍ നേടിയാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയേക്കാവുന്ന മത്സരമായിരുന്നു. ചിമ ഗോള്‍ നേടിയ അടുത്ത നിമിഷം തന്നെ ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് കബ്രേര തന്റെ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ഒഡീഷയ്ക്ക് ജയം.