ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ ഹൈദരാബാദ് എഫ്സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു.
45ാം മിനുറ്റ് വരെ ഗോൾ രഹിതമായി പോയ മത്സരത്തിൽ 45ാം മിനുറ്റിൽ ജെറി മാവിഹ്മിങ്താങ്ങയുടെ ഗോളിലൂടെ ഒഡീഷയാണ് ആദ്യ ലീഡ് നേടിയത്.
രണ്ടാം പകുതിയിൽ 51ാം മിനുറ്റിൽ ജോയൽ ചിയാനീസ് ഹൈദരാബാദിന് വേണ്ടി ഗോൾ മടക്കി. എഴുപതാം മിനുറ്റിൽ ഹൊവാവോ വിക്ടർ ഹൈദരാബാദിന്റെ രണ്ടാം ഗോളും മൂന്ന് മിനിറ്റിനുള്ളിൽ ആകാശ് മിത്ര മൂന്നാം ഗോളും നേടി.
84ാം മിനുറ്റിൽ ജൊനാതസ് ഡി ജീസസ് ഒഡീഷയുടെ രണ്ടാം ഗോൾ നേടി.
പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഹൈദരാബാദ് ഇന്നത്തെ വിജയത്തോടെ 23 പോയിന്റ് നേടി. 13 മത്സരങ്ങളിൽ നിന്ന് ആറ് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമാണ് ഹൈദരാബാദിന്. ഹൈദരാബാദിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഹൈദരാബാദ് എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചിരുന്നു.
11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് രണ്ടാമത്. 13 മത്സരങ്ങളിൽ നിന്ന് 17 പോയി്റുമായി ഏഴാമതാണ് ഒഡീഷ.