ഫട്ടോര്‍ഡ: ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മുംബൈ സിറ്റി എഫ് സിയെ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ കുരുക്കി. 3-1 എന്ന സ്കോറില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ ഉഗ്രന്‍ തിരിച്ചു വരവ്. ദെഷൊണ്‍ ബ്രൗണ്‍ നോര്‍ത്ത്ഈസ്റ്റിനായി ഹാട്രിക്ക് നേടി. ഇരട്ടഗോള്‍ നേടിയ ഇഗോര്‍ അംഗൂളോയും ബിപിന്‍ സിങ്ങുമാണ് മുംബൈക്കായി സ്കോര്‍ ചെയ്തത്.
കളിയിലുടനീളം വ്യക്തമായ ആധിപത്യം മുംബൈക്കായിരുന്നു. എന്നാല്‍ ബ്രൗണിലൂടെ 29-ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി. വെറും നാല് മിനിറ്റുകള്‍ മാത്രമായിരുന്നു മുംബൈ പിന്നില്‍ നിന്നത്. അംഗൂളോയിലൂടെ സമനില ഗോള്‍. 40-ാം മിനിറ്റില്‍ ബിപിന്‍ സിങ് മുംബൈയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ 2-1 ന് മുന്നില്‍.
രണ്ടാം പകുതിയിലും ഇഗോര്‍ അംഗൂളോ ലക്ഷ്യം കണ്ടും. 52-ാം മിനിറ്റില്‍ മുംബൈ തങ്ങളുടെ ലീഡ് രണ്ടായി ഉയര്‍ത്തി. എന്നാല്‍ പോരാട്ടം നോര്‍ത്ത്ഈസ്റ്റ് തുടര്‍ന്നു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബ്രൗണിന്റെ രണ്ടാം ഗോള്‍ പിറന്നു. സ്കോര്‍ 3-2. 80-ാം മിനിറ്റില്‍ താരം തന്റെ ഹാട്രിക്ക് തികച്ചതോടെ ആവേശ പോരാട്ടം സമനിലയില്‍ അവസാനിച്ചു.
സമനില വഴങ്ങിയെങ്കിലും എട്ട് കളികളില്‍ നിന്ന് 16 പോയിന്റുള്ള മുംബൈ തന്നെയാണ് ലീഗില്‍ ഒന്നാമത്. ഒന്‍പത് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള നോര്‍ത്ത്ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്. നാളെ ഹൈദരബാദ് എഫ് സി ഒഡീഷ എഫ് സിയെ നേരിടും. ജയിക്കാനായാല്‍ ഹൈദരാബാദിന് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനാകും.
Also Read: തൃപ്തി നല്‍കാത്ത സമനിലകളുമായി ബ്ലാസ്റ്റേഴ്സ് മുന്നോട്ട്