ഐഎസ്എല്‍ എട്ടാം പതിപ്പില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ ഹൈദരാബാദ് എഫ് സിക്ക് ഉജ്വല ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചു. ബര്‍ത്തലോമിയൊ ഒഗ്ബച്ചെ ഇരട്ടഗോള്‍ നേടിയപ്പോള്‍ ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍ഷ്യ എന്നിവരും ലക്ഷ്യം കണ്ടു.
ആക്രമണ ഫുട്ബോളിന് സീസണിലുടനീളം മുന്‍തൂക്കം നല്കിയ ഹൈദരബാദ് മൂന്നാം മിനിറ്റില്‍ തന്നെ ഒഗ്ബച്ചെയിലൂടെ മുന്നിലെത്തി. അദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോള്‍. ശിയനീസിന്റെ കോര്‍ണര്‍ ആകാശ് മിശ്ര ഹെഡ് ചെയ്തായിരുന്നു വലയിലെത്തിച്ചത്.
രണ്ടാം പകുതിയിലും ഹൈദരാബാദ് ആധിപത്യം തുടര്‍ന്നു. 60-ാം മിനിറ്റിലെ രണ്ടാം ഗോളോടെ ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാന്‍ ഒഗ്ബച്ചെയ്ക്ക് കഴിഞ്ഞു. ടവോരയുടെ അസിസ്റ്റില്‍ നിന്നായിരുന്നു നിഖില്‍ പൂജാരിയുടെ ഗോള്‍. തൊട്ടു പിന്നാലെ എഡു ഗാര്‍ഷ്യയും ഗോള്‍ കണ്ടെത്തിയതോടെ ജയം പൂര്‍ണമായി.
14 കളികളില്‍ ഏഴ് ജയമുള്ള ഹൈദരാബാദിന് 26 പോയിന്റാണുള്ളത്. 12 കളികളില്‍ നിന്ന് 22 പോയിന്റുള്ള ജംഷദ്പൂരാണ് രണ്ടാം സ്ഥാനത്ത്. 20 പോയിന്റ് വീതമുള്ള കേരള ബ്ലാസ്റ്റേഴ്സും ബംഗലൂരു എഫ് സിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. നാളെ നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവ ഒഡീഷ എഫ് സിയെ നേരിടും.
Also Read: ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം