ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ലക്ഷ്യം കണ്ടപ്പോള്‍ പ്രീതം കോട്ടാലിന്റെ സെല്‍ഫ് ഗോളാണ് മുംബൈ സിറ്റിയ്ക്ക് സമനില സമ്മാനിച്ചത്.
മോഹൻ ബഗാനാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. ഒമ്പതാം മിനിറ്റിൽ സൂപ്പര്‍ താരം ഡേവിഡ് വില്യംസാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ഹ്യൂഗോ ബൗമസിന്റെ പാസ് താരം വലയിലെത്തിക്കുകയായിരുന്നു. മുംബൈ മധ്യനിരതാരം അഹമ്മദ് ജാഹുവിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്.
എന്നാൽ അധികം വൈകാതെ 24-ാം മിനിറ്റില്‍ മുംബൈ സിറ്റി സമനില ഗോള്‍ നേടി. സ്വന്തം പോസ്റ്റിലേക്ക് ഹെഡര്‍ ചെയ്‌ത പ്രീതം കോട്ടാലിന്‍റെ പിഴവ് മുംബൈക്ക് സമനില നല്‍കുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ മത്സരം സമനിലയിലാവുകയായിരുന്നു.
സമനിലയോടെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ 13 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ആറാമതാണ്.
Also Read: ഇഞ്ചുറി ടൈമിൽ ഗോൾ; ചെന്നൈയിനെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ