്ന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചു. ബെംഗളൂരുവിന് വേണ്ടി പ്രിൻസ് ഇബാറ ഇരട്ടഗോൾ നേടി.
മത്സരത്തിന്റെ എട്ടാം മിനുറ്റിൽ തന്നെ ഡാനിഷ് ഫാറൂഖി ഭട്ടിന്റെ ഗോളിലൂടെ ബെംഗളൂരു ആദ്യ ലീഡ് നേടി. 23ാം മിനുറ്റിൽ ഇബാറയുടെ ആദ്യ ഗോളിലൂടെ എതിരില്ലാത്ത രണ്ട് ഗോൾ എന്ന നിലയിൽ ബെംഗളൂരു ലീഡ് ഉയർത്തി.
ആദ്യ പകുതിക്ക് ശേഷമുള്ള ഇഞ്ചുറി ടൈമിലാണ് ഇബാറയുടെ രണ്ടാം ഗോൾ. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളെന്ന നിലയിലെത്താൻ ബെംഗളൂരുവിന് കഴിഞ്ഞു. മത്സരത്തിന്റെ രണ്ടാം പകുതി ഗോൾ രഹിതമായി പൂർത്തിയാവുകയും ചെയ്തു.
സീസണിൽ ബെംഗളൂരുവിന്റെ മൂന്നാം ജയമാണിത്, മുംബൈയുടെ നാലാം തോൽവിയും ബെംഗളൂരുവിനോട് തോറ്റെങ്കിലും പോയിന്റ് നിലയിൽ മുംബൈയുടെ സ്ഥാനത്തിന് മാറ്റം വന്നിട്ടില്ല.
സീസണിൽ നിലവിൽ മുംബൈയും ബെംഗളൂരുവും മാത്രമാണ് 11 മത്സരങ്ങൾ പൂർത്തിയാക്കിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും നാല് തോൽവിയുമായി 17 പോയിന്റോടെ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ.
മൂന്ന് ജയവും നാല് വീതം സമനിലയും തോൽവിയുമായി 15 പോയിന്റോടെ 13 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബെംഗളൂരു.
കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിയെ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്സാണ് 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. ഹൈദരാബാദാണ് 16 പോയിന്റോടെ മൂന്നാം സ്ഥാനത്ത്.