ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു. മത്സരത്തിന്റെ 17ാം മിനുറ്റിൽ വിപി സുഹൈറിന്റെ ഗോളിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യ ലീഡ് നേടിയതെങ്കിലും തുടർന്നുള്ള മത്സരത്തിൽ എടികെ മുന്നേറുകയായിരുന്നു.
22ാം മിനുറ്റിൽ ജോനി കൗകോ എടികെ മോഹൻ ബഗാന്റെ ആദ്യ ഗോൾ നേടി. 45ാം മിനുറ്റിൽ ലിസ്റ്റൺ കൊലാകോയുടെ ഗോളിൽ എടികെ നോർത്ത് ഈസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് നേടി. 52ാം മിനുറ്റിൽ മൻവീർ സിങ് എടികെയുടെ മൂന്നാം ഗോൾ നേടി.
ഇന്നത്തെ ജയത്തോടെ എടികെ മോഹൻ ബഗാൻ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 26 പോയിന്റാണ് എടികെ മോഹൻ ബഗാന്.
16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് പോയിന്റ് നിലയിൽ ഒന്നാമത്. 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള ജംഷധ്പൂരാണ് മോഹൻ ബഗാന് പിറകിൽ മൂന്നാമത്.
പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലാണ് നോർത്ത് ഈസ്റ്റ്. 17 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയും 11 തോൽവിയുമായി 10 പോയിന്റോടെ 11ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.