ഫറ്റോർഡ: ഐഎസ്എല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന മുബൈ – ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താരങ്ങളുടെയും ഒഫിഷ്യൽസുകളുടെയും സുരക്ഷ മുൻനിർത്തിയാണ് നടപടി. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
കോവിഡ് വ്യാപനം കാരണം ബ്ലാസ്റ്റേഴ്സ് നിരയിൽ മത്സരത്തിനാവശ്യമായ താരങ്ങൾ ഇല്ലാത്തതിനാലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. ഐഎസ്എൽ മെഡിക്കൽ സംഘവുമായി ചർച്ച ചെയ്ത ശേഷമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കി. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്സി മത്സരവും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
ഒഡിഷയ്ക്കെതിരായ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സപ്പോർട്ടിങ് സ്റ്റാഫിലെ ഒരാൾക്കാണ് കോവിഡ്. ഇതേ തുടർന്ന് ടീം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും പരിശീലനം നടത്തിയിരുന്നില്ല.
ഐഎസ്എൽ ടീമുകളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റ് മാറ്റിവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ട്. ഐഎസ്എല്ലിലെ ടീമുകളിൽ ഏഴിലും കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: തിലക് മൈദാനില്‍ തേരോട്ടം തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ മുംബൈ