scorecardresearch

സഹലിന്റെ 'ഒരടി'യില്‍ ജംഷധ്പൂര്‍ വീണു; 90 മിനിറ്റിനപ്പുറം ഫൈനല്‍

എതിര്‍ ടീമിന് കടുത്ത സമ്മര്‍ദം നല്‍കി, ബുദ്ധികൊണ്ടും ശരീരംകൊണ്ടും കളിച്ച് ജയിക്കുന്ന ജംഷധ്പൂരിന്റെ ആറാട്ട് നോക്കി നില്‍ക്കുകയായിരുന്നു ആദ്യ 35 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ്

എതിര്‍ ടീമിന് കടുത്ത സമ്മര്‍ദം നല്‍കി, ബുദ്ധികൊണ്ടും ശരീരംകൊണ്ടും കളിച്ച് ജയിക്കുന്ന ജംഷധ്പൂരിന്റെ ആറാട്ട് നോക്കി നില്‍ക്കുകയായിരുന്നു ആദ്യ 35 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ്

author-image
Hari
New Update
Kerala Blasters vs Jamshedpur FC

Photo: Facebook/ ISL

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ 35 മിനിറ്റുകളില്‍ ജംഷധ്പൂരിന്റെ സര്‍വാധിപത്യം, സഹലിന്റെ ഗോള്‍, ബ്ലാസ്റ്റേഴ്സിന്റെ ചെറുത്തു നില്‍പ്പ്..എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു ആദ്യ പാദ സെമി. തുടര്‍ച്ചയായ ഏഴ് ജയങ്ങളുമായി ഉജ്ജ്വല ഫോമിലെത്തിയ ജംഷധ്പൂരിനെ മലര്‍ത്തിയടിക്കാന്‍ മഞ്ഞപ്പടക്കായി. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ ഒരു സമനില നേടിയാല്‍ പോലും ബ്ലാസ്റ്റേഴ്സിനെ കലാശപ്പോരില്‍ എത്തിക്കും.

Advertisment

ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച അരമണിക്കൂര്‍

എതിര്‍ ടീമിന് കടുത്ത സമ്മര്‍ദം നല്‍കി, ബുദ്ധികൊണ്ടും ശരീരംകൊണ്ടും കളിച്ച് ജയിക്കുന്ന ജംഷധ്പൂരിന്റെ ആറാട്ട് നോക്കി നില്‍ക്കുകയായിരുന്നു ആദ്യ 35 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ മുന്നേറ്റത്തിലൂടെ കോര്‍ണര്‍ നേടി. പത്താം മിനിറ്റില്‍ ജംഷധ്പൂരിന്റെ ഡാനിയേല്‍ ചുക്കുവിന് സുവര്‍ണാവസരം ലഭിച്ചു. അതും ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളില്‍ വച്ച്. പക്ഷെ അവസരം പാഴായി.

പിന്നീട് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെയും ചുക്കുവിന് ഗോളവസരം വീണ് കിട്ടി. താരത്തിന്റെ കാലുകള്‍ക്ക് ഇന്നലെ കൃത്യത കുറഞ്ഞത് ബ്ലാസ്റ്റേഴ്സിന് തുണയായി. പിന്നീട് പ്രതിരോധ താരം പ്യൂട്ടിയയുടെ പിഴവില്‍ നിന്നും ചുക്കുവിലേക്ക് പന്തെത്തി. വീണ്ടും വീണ്ടും ചുക്കുവിന് ലക്ഷ്യം തെറ്റിയതോടെ ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. എങ്കിലും പ്രതിരോധം വിറച്ചിരുന്നു ജംഷധ്പൂരിന്റെ ഓരോ മുന്നേറ്റത്തിലും.

ഗതിമാറ്റിയ ഒരടി

കളിയുടെ ഗതി ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കിയത് സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളായിരുന്നു. ആല്‍വാരോ വസ്ക്വസിന്റെ ശ്രദ്ധാപൂര്‍വമായ നീക്കമായിരുന്നു ഗോളിന് തുടക്കമിട്ടത്. ജംഷധ്പൂരിന്റെ ത്രൊ വാസ്ക്വസ് പിടിച്ചെടുത്തു. ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു നീക്കം ജംഷധ്പൂരിനെ ഒരു നിമിഷം പകച്ചു നിര്‍ത്തി. ജംഷധ്പൂര്‍ പ്രതിരോധത്തെ മറികടന്ന് കൃത്യമായ സഹല്‍ മുന്നോട്ട് നീങ്ങി. വാസ്ക്വസ് ബോക്സിനെ ലക്ഷ്യമാക്കി ഒരു ലോങ് പാസ്.

Advertisment

സഹലിന്റെ ഒപ്പമെത്തിയ ജംഷധ്പൂരിന്റെ റിക്കി ലല്ലാവ്മയ്ക്ക് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് പറ്റി. ഗോളി ടിപി രഹനേഷും മുന്നോട്ടെത്തി. പന്ത് സഹലിന് അനുകൂലമായി ഉയര്‍ന്നു വന്നു. അനായാസം രഹനേഷിന് തലയ്ക്ക് മുകളിലൂടെ മനോഹരമായൊരു ചിപ്പ്. പന്ത് ഗോള്‍ ലൈന്‍ കടന്നു. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്ന നിമിഷമായിരുന്നു അത്. സഹലിന്റെ തോളിലേറി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ മുന്നിലെത്തി.

രണ്ടാം പകുതി ബലാബലം

രണ്ടാം പകുതിയിലും ഇരുടീമുകള്‍ ഒപ്പത്തിനൊപ്പമായിരുന്നു പൊരുതിയിരുന്നത്. കൂടുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. സഹലിന്റേയും വാസ്ക്വസിന്റേയും മുന്നേറ്റങ്ങള്‍ വന്നെങ്കിലും ഒന്നും ഗോളില്‍ കലാശിച്ചില്ല. 59-ാം മിനിറ്റിലായിരുന്നു സഹലിന്റെ ഗോളിന് ശേഷമുള്ള ഏറ്റവും മികച്ച നിമിഷം വന്നത്. ലൂണയുടെ മാസ്റ്റര്‍പീസ്.

ബോക്സിന് വലത് മൂലയില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂല ഫ്രീകിക്ക്. സീസണില്‍ ലൂണയുടെ ഫ്രീകിക്ക് മികവിന് ഫുട്ബോള്‍ ലോകം സാക്ഷിയായതാണ്. അത് വീണ്ടും ആവര്‍ത്തിക്കുമെന്ന് തോന്നിച്ച നിമിഷം. ലൂണയെടുത്ത ഫ്രീകിക്ക് ബോക്സിന്റെ വലതു മൂലയിലേക്ക്. രഹനേഷ് കൈകള്‍ പന്തിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രഹനേഷിനെ അതിജീവിച്ച പന്ത് പോസ്റ്റിലിടിച്ച മടങ്ങി.

കളിയുടെ അവസാന നിമിഷങ്ങളില്‍ ജംഷധ്പൂര്‍ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. പകരക്കാരനായെത്തിയ ഇഷാന്‍ പണ്ഡിതയ്ക്കായിരുന്നു സമനിലഗോള്‍ നേടാനുള്ള അവസരം ഒരുങ്ങിയത്. താരം തൊടുത്ത ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയേയും ഗോളിയേയും പോസ്റ്റിനേയും മറികടന്ന് പുറത്തേക്ക്, ആശ്വാസം.

90 മിനിറ്റിനപ്പുറം ഫൈനല്‍

രണ്ടാം പാദത്തില്‍ വിജയമോ സമനിലയോ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് എത്തിക്കും. ജംഷധ്പൂരിന്റെ ആക്രമണ ഫുട്ബോളിനെ എങ്ങനെ പ്രതിരോധിക്കുമെന്നതായിരിക്കും ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇവാന്‍ വുകുമനോവിച്ചിന്റെ തന്ത്രങ്ങള്‍ വിജയകരമായി കളത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ കലാശപ്പോരാട്ടത്തിലേക്ക് കുതിക്കാം.

Also Read: ബാല്ലൺ ഡിയോർ പുരസ്കാരം ഇനി മാറ്റങ്ങളോടെ; ഇനി സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കും

Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: