scorecardresearch
Latest News

ഐഎസ്എല്‍: പൊരുതി വീണു; ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോല്‍വി

ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന് ജയം നിഷേധിച്ചത്

ഐഎസ്എല്‍: പൊരുതി വീണു; ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോല്‍വി
Photo: Facebook/ ISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാലാം തോല്‍വി. ഹൈദരാബാദ് എഫ് സിയോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. സൂപ്പര്‍ താരം ബര്‍ത്തലോമിയോ ഒഗ്ബച്ചെ, ഷാവിയേര്‍ സിവെയ്റൊ എന്നിവരാണ് ഹൈദരാബാദിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ 18 കളികളില്‍ നിന്ന് 35 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്താനുമായി.

മത്സരത്തിന്റെ തുടക്കത്തില്‍ ഹൈദരാബാദ് ഗോളിനായി ആക്രമിച്ചു. ആദ്യ മൂന്ന് മിനിറ്റില്‍ രണ്ട് തവണ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിറച്ചു. പത്ത് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന് മുന്നേറ്റം കാഴ്ച വയ്ക്കാന്‍ സാധിച്ചത്. പിന്നീടുള്ള നിമിഷങ്ങളില്‍ ഗോളവസരങ്ങള്‍ ഒരുങ്ങിയെങ്കിലും ലക്ഷ്യത്തിലെത്തും മുന്‍പ് ഹൈദരാബാദ് നിര്‍വീര്യമാക്കി.

28-ാം മിനിറ്റിലായിരുന്നു ഒഗ്ബച്ചെയുടെ ഗോള്‍ പിറന്നത്. ഡാന്‍ ബോക്സിനുള്ളിലേക്ക് നല്‍കിയ പന്ത് ഫിനിഷ് ചെയ്യുക എന്ന ഉത്തരവാദിത്വം മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. എന്നത്തേയും പോലെ തന്റെ ജോലി കൃത്യമായി ഒഗ്ബച്ചെ നിര്‍വഹിച്ചു. സീസണിലെ 17-ാം ഗോളായിരുന്നു താരം ബ്ലാസ്റ്റേഴ്സിനെതിരെ നേടിയത്.

ആദ്യ ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു കളിക്കാനാരംഭിച്ചു. രണ്ടാം പകുതിയില്‍ ഹൈദരാബാദിന്റെ ഗോള്‍ മുഖം തുടരെ ആക്രമിച്ചു. ലൂണയുടെ കോര്‍ണര്‍ ഖബ്ര ഹെഡ് ചെയ്തെങ്കിലും പന്ത് പോസ്റ്റിലിടിച്ചു മടങ്ങി. തൊട്ടുപിന്നാലെ വാസ്ക്വസിന്റെ ഷോട്ട് ഹൈദരാബാദിന്റെ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി തടഞ്ഞതോടെ വീണ്ടും സമനില ഗോളിനായുള്ള ശ്രമം പാഴായി.

കട്ടിമണിയുടെ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിനും ഗോളിനുമിടയിലെ പ്രധാന തടസം. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ ഹൈദരാബാദ് ലീഡ് രണ്ടായി ഉയര്‍ത്തി. ഷാവിയേര്‍ സിവെയ്റൊയുടെ ഹെഡറിലൂടെയായിരുന്നു ഗോള്‍ വീണത്. ഗോളിന് വഴിയൊരുക്കിയത് എന്‍. പൂജാരിയും.

കളിയുടെ അധികസമയത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ പിറന്നത്. പകരക്കാരായി ഇറങ്ങിയ രാഹുല്‍ കെ. പി, വിന്‍സി ബരെറ്റൊ സഖ്യമായിരുന്നു വിജയം കണ്ടത്. രാഹുലിന്റെ പാസില്‍ നിന്ന് ബരെറ്റൊ ബോക്സിന് പുറത്ത് നിന്ന് ഷോട്ട് തൊടുത്തു. ഇത്തവണ കട്ടിമണിയെ മറികടക്കാന്‍ ബ്ലാസ്റ്റേഴ്സിനു സാധിച്ചു.

സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 27 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ടീമിന് സെമി സാധ്യത സജീവമാക്കാന്‍ സാധിക്കു. ചെന്നൈയിന്‍ എഫ് സി, മുംബൈ സിറ്റി, എഫ് സി ഗോവ എന്നീ ശക്തമായ ടീമുകള്‍ക്കെതിരെയാണ് മത്സരങ്ങള്‍.

Also Read: India vs Sri Lanka T20I, Test Series: ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ മത്സരക്രമവും മറ്റ് വിവരങ്ങളും

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 kerala blasters vs hyderabad fc match result