ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരം സമനിലയിൽ. മത്സരത്തിൽ പത്താം മിനുറ്റിൽ ജാക്ക്സൺ സിങ്ങിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ലീഡ് നേടി. ഇരുപതാം മിനുറ്റിൽ അഡ്രിയാൻ ലൂണയുടെ ഗോളിലൂടെ ലീഡുയർത്താനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
24ാം മിനുറ്റിൽ ജോർജെ ഓർടിസ് ഗോവയ്ക്ക് വേണ്ടി മറുപടി ഗോൾ നേടി. 38ാം മിനുറ്റിൽ എഡു ബെയ്ഡിയ ഗോവയുടെ രണ്ടാം ഗോളും നേടിയതോടെ മത്സരം 2-2ന് സമനിലയിലെത്തി. മത്സരത്തിന്റെ രണ്ടാം പകുതി ഗോൾരഹിതമായി പിരിഞ്ഞു.
തോൽവി അറിയാതെ എട്ട് മത്സരങ്ങൾ ഇതോടെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി. ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് ഒന്നാമതാകാമായിരുന്നു.
ഒമ്പത് കളികളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 14 പോയിന്റോടെ പോയിന്റ് നിലയിൽ മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്. എട്ട് കളികളിൽ നിന്ന് 16 പോയിന്റുള്ള മുംബൈയും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഹൈദരാബാദുമാണ് പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി ഒമ്പത് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ഗോവ.