ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം പതിപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ജംഷദ്പൂര്‍ എഫ് സി, ഹൈദരാബാദ് എഫ് സിയും സെമി ഫൈനല്‍ സാധ്യതകള്‍ ഉറപ്പിച്ചുകഴിഞ്ഞു. പോയിന്റ് പട്ടികയില്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമമുള്ള എടികെ മോഹന്‍ ബഗാന്‍ (34 പോയിന്റ്), കേരള ബ്ലാസ്റ്റേഴ്സ് (33 പോയിന്റ്), മുംബൈ സിറ്റി എഫ് സി (31 പോയിന്റ്) എന്നീ ടീമുകളാണ് അവസാന നാലില്‍ എത്താനുള്ള പോരാട്ടത്തിലുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍ പരിശോധിക്കാം.
കേരള ബ്ലാസ്റ്റേഴ്സ് – സെമി സാധ്യതകള്‍
മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഞായറാഴ്ച ഗോവയ്ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഗോവയെ കീഴടക്കാനായാല്‍ അനായാസം ആദ്യ നാലില്‍ നിലയുറപ്പിക്കാന്‍ മഞ്ഞപ്പടയ്ക്കാകും.
ഗോവയുമായി സമനിലയില്‍ പിരിഞ്ഞാലും കേരളത്തിന് സാധ്യതകളുണ്ട്. അത് മുംബൈയും ഹൈദരാബാദും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചിരിക്കും. മുംബൈ ഹൈദരാബാദിനോട് പരാജയപ്പെട്ടാലോ സമനില വഴങ്ങിയാലോ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്.
മുംബൈ കുറഞ്ഞത് അഞ്ച് ഗോളിന്റെ എങ്കിലും മാര്‍ജിനില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തുകയും ബ്ലാസ്റ്റേഴ്സ് സമനിലയിലുമായാല്‍ കിരീട മോഹങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ ആദ്യ നാലിലെത്താന്‍ മുംബൈക്ക് ഹൈദരാബാദിനെ പരാജയപ്പെടുത്തണം.
മറുവശത്ത് എടികെ മോഹന്‍ ബഗാന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. രണ്ടില്‍ ഒരു സമനില നേടിയാല്‍ പോലും എടികെ സെമിയിലെത്തും. രണ്ടിലും തോല്‍വി വഴങ്ങിയാല്‍ ബ്ലാസ്റ്റേഴ്സിന്റേയും മുംബൈയുടേയും മത്സര ഫലങ്ങളെ ആശ്രയിച്ചിരിക്കും എടികെയുടെ ഭാവി.
ഐഎസ്എല്ലിലെ ഇനിയുള്ള മത്സരങ്ങള്‍
- മാര്‍ച്ച് 03: എടികെ മോഹന്‍ ബഗാന്‍ – ചെന്നൈയിന്‍ എഫ് സി
- മാര്‍ച്ച് 04: ജംഷദ്പൂര്‍ എഫ് സി – ഒഡിഷ എഫ് സി
- മാര്‍ച്ച് 05: ബെംഗളൂരു എഫ് സി – ഈസ്റ്റ് ബംഗാള്‍
- മാര്‍ച്ച് 05: ഹൈദരാബാദ് എഫ് സി – മുംബൈ സിറ്റി എഫ് സി
- മാര്‍ച്ച് 06: കേരള ബ്ലാസ്റ്റേഴ്സ് – എഫ് സി ഗോവ
- മാര്‍ച്ച് 07: എടികെ മോഹന്‍ ബഗാന്‍ – ജംഷദ്പൂര്‍ എഫ് സി
Also Read: ‘ബ്ലാസ്റ്റേഴ്സ് ആറാടുകയാണ് ഗയ്സ്;’ വിജയം ആഘോഷിച്ച് പ്രശാന്തും സിപോവിച്ചും