ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ജയം. ജംഷധ്പൂർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബെംഗളൂരു തോൽപിച്ചത്. ബെംഗളൂരുവിന് വേണ്ടി കാപ്റ്റൻ സുനിൽ ഛേത്രി ഒരു ഗോൾ നേടിയപ്പോൾ ക്ലീയേറ്റൺ സിൽവ ഇരട്ട ഗോൾ നേടി. ഡാനിയൽ ചിമയാണ് ജംഷധ്പൂരിന്റെ ഏക ഗോൾ നേടിയത്.
മത്സരത്തിന്റെ ഒന്നാം മിനുറ്റിൽ ഡാനിയൽ ചിമയുടെ ഗോളിൽ ജംഷധ്പൂർ ആദ്യ ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു ജംഷധ്പൂരിനെ രണ്ടാം പകുതിയിൽ ബെംഗളൂരു മറികടക്കുകയായിരുന്നു.
54ാം മിനുറ്റിൽ സുനിൽ ഛേത്രി ബെംഗളൂരുവിന്റെ ആദ്യ ഗോൾ നേടി. 62ാം മിനുറ്റിൽ സിൽവയുടെ ആദ്യ ഗോളിലൂടെ ഒന്നിനെതിരെ ബെംഗളൂരു രണ്ട് ഗോളിന്റെ ലീഡ് നേടി. ഇഞ്ചുറി ടൈമിലെ നാലാം മിനുറ്റിൽ സിൽവയുടെ രണ്ടാം ഗോളിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളെന്ന നിലയിൽ ബെംഗളൂരു ലീഡ് ഉയർത്തി.
ഇന്നത്തെ ജയത്തോടെ ജംഷധ്പൂരിനെ മറികടന്ന് ബെംഗളൂരു പോയിന്റ് നിലയിൽ മൂന്നാമതെത്തി. 15 മത്സരങ്ങളിൽ നിന്ന് ആറ് ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി 23 പോയിന്റാണ് ബെംഗളൂരുവിന്. ബെംഗളൂരുവിന്റെ തോൽവിയറിയാത്ത ഒമ്പതാം മത്സരമാണിത്. അവസാന രണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കാനും ബെംഗളൂരുവിന് കഴിഞ്ഞു.
ജംഷധ് പൂർ ഈ തോൽവിയോടെ മൂന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 13 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് സമനിലയും മൂന്ന് തോൽവിയുമായി 22 പോയിന്റാണ് ജംഷധ്പൂരിന്.