ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജംഷധ്പൂർ എഫ്സി മുംബൈ സിറ്റി എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. ജംഷധ്പൂരിന് വേണ്ടി ഗ്രെഗ് സ്റ്റെവാർട്ട് ഇരട്ട ഗോൾ നേടി.
ഒമ്പതാം മിനുറ്റിൽ ഗ്രെഗ് സ്റ്റെവാർട്ടിന്റെ ഗോളിലൂടെ ജംഷധ്പൂർ ആദ്യ ലീഡ് നേടി. 30ാം മിനുറ്റിൽ ഋത്വിക് ദാസിന്റെ ഗോളിലൂടെ ജംഷധ്പൂർ ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ 57ാം മിനുറ്റിൽ രാഹുൽ ഭേകെ മുംബൈ സിറ്റിയുടെ ആദ്യ ഗോൾ നേടി. 86ാം മിനുറ്റിൽ ഡീഗോ മുറിഷ്യോയുടെ പെനാൽറ്റി ലക്ഷ്യത്തിലെത്തിയതോടെ ജംഷധ്പൂരിനോട് മുംബൈ 2-2ന് സമനില പിടിച്ചു.
90ാം മിനുറ്റിൽ 2-2ന് സമിനലയിലായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനുറ്റിൽ സ്റ്റെവാർട്ട് പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ ജംഷധ്പൂർ വിജയത്തിലെത്തുകയായിരുന്നു.
ഇന്നത്തെ ജയത്തോടെ ജംഷധ്പൂർ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയിന്റ് നിലയിൽ മൂന്നാമതെത്തി. 15 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയും മൂന്ന് തോൽവിയുമായി 28 പോയിന്റാണ് ജംഷധ്പൂരിന്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയും 15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള എടികെ മോഹൻ ബഗാനുമാണ് പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 15 മത്സരങ്ങളിൽനിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആണ് നാലാം സ്ഥാനത്ത്.
അഞ്ചാം സ്ഥാനത്താണ് മുംബൈ. 16 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും നാല് സമനിലയും അഞ്ച് തോൽവിയുായി 25 പോയിന്റാണ് മുംബൈക്ക്.