ISL 2021/22: Hyderabad FC vs North East United: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ വമ്പൻ ജയം സ്വന്തമാക്കി ഹൈദരാബാദ് എഫ്സി. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഹൈദരാബാദിന്റെ ജയം.
ഹൈദരാബാദിന് വേണ്ടി ഓഗ്മച്ചെ ഇരട്ട ഗോൾ നേടി. ചിങ്ഗെൽസാന സിങ്ങിന്റെ ഗോളിലൂയെ പന്ത്രണ്ടാം മിനുറ്റിലാണ് ഹൈദരാബാദ് ആദ്യ ലീഡ് നേടിയത്. 27ാം മിനുറ്റിൽ ഓഗ്ബച്ചെയുടെ ആദ്യ ഗോളിലൂടെ ഹൈദരാബാദ് ലീഡുയർത്തി.
43ാം മിനുറ്റിൽ ലാൽദൻമാവിയ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടി.ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലെന്ന നിലയിലായിരുന്നു ഹൈദരാബാദ്.
രണ്ടാം പകുതിയിൽ 78ാം മിനുറ്റിൽ ഓഗ്ബച്ചെ രണ്ടാം ഗോൾ നേടി. ഇതോടെ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ലീഡ് നേടി.
മത്സരത്തിന്റെ 90ാം മിനുറ്റിലായിരുന്നു ഹൈദരാബാദിന്റെ നാലാം ഗോൾ. അങ്കിത് ജാദവാണ് ഈ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനുറ്റിൽ ജാവിയറിലൂടെ ഹൈദരാബാദ് അഞ്ചാം ഗോളും നേടി.
നോർത്ത് ഈസ്റ്റിനെതിരായ ജയത്തോടെ ഹൈദരാബാദ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് കളികളിൽ നിന്ന് മൂന്ന് ജയവും ഓരോ തോൽവിയും സമനിലയുമായി 10 പോയിന്റാണ് ഹൈദരാബാദിന്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് നേടിയ മുംബൈ ആണ് ഒന്നാം സ്ഥാനത്ത്.
പോയിന്റ് നിലയിൽ പത്താം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും മൂന്ന് സമനിലയുമായി നാല് പോയിന്റാണ് നോർത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.