ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം പതിപ്പില്‍ ഹൈദരാബാദിന് രണ്ടാം ജയം. കരുത്തരായ ബംഗലൂരു എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഏഴാം മിനിറ്റില്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെ നേടിയ ഗോളാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.
പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ബംഗലൂരുവിന് വ്യക്തമായ ആധിപത്യം ഒരിക്കല്‍ കൂടി സ്ഥാപിക്കാന്‍ സാധിച്ചു. പക്ഷെ വിജയ ഗോള്‍ കണ്ടെത്തുന്നതില്‍ മുന്നേറ്റ നിര പരാജയപ്പെടുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ് ബംഗലൂരുവിന്റെ കാര്യത്തില്‍.
ഏഴാം മിനിറ്റില്‍ ആകാശ് മിശ്രയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ബര്‍ത്തലോമിയോ ഒഗ്ബച്ചെ തൊടുത്ത ഷോട്ട് തടയാന്‍ ബംഗലൂരു പ്രതിരോധത്തിനോ ഗോളി ഗുര്‍പ്രീത് സിങ് സന്ദുവിനോ സാധിച്ചില്ല. ആദ്യ ഗോളിന്റെ പ്രഹരത്തില്‍ നിന്ന് മടങ്ങി വരാന്‍ മത്സരത്തിലുടനീളം ബംഗലൂരുവിനായില്ല.
നാലു കളികളില്‍ നിന്ന് രണ്ട് പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ മൂന്ന് കളികളില്‍ വിജയം നേടാനാകാത്തെ ബംഗലൂരു ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.