ഐഎസ്എല്ലില്‍ ബെംഗളൂരു എഫ് സിക്ക് ഏഴാം ജയം. ഒഡീഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കീഴടക്കിയത്. ഡാനിഷ് ഫറൂഖ് ഭട്ട്, ക്ലെയിട്ടണ്‍ സില്‍വ എന്നിവരാണ് ബെംഗളൂരുവിനായി സ്കോര്‍ ചെയ്തത്. നന്ദകുമാറാണ് ഒഡീഷയ്ക്കായി ഗോള്‍ നേടിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ നേരിയ മുന്‍തൂക്കം മാത്രമായിരുന്നു ബെംഗളൂരുവിന് ലഭിച്ചത്. പക്ഷെ മുന്നേറ്റത്തില്‍ ഒഡീഷയായിരുന്നു ആധിപത്യം സ്ഥാപിച്ചത്. എട്ടാം മിനുറ്റില്‍ തന്നെ ഒഡീഷയെ നന്ദകുമാര്‍ മുന്നിലെത്തിച്ചു.
31-ാം മിനുറ്റിലായിരുന്നു ബെംഗളൂരുവിന്റെ സമനില ഗോള്‍ പിറന്നത്. എന്‍. ആര്‍. സിങ്ങിന്റെ അസിസ്റ്റില്‍ നിന്നാണ് ഡാനിഷ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാലിറ്റി പാഴാക്കാതെ ക്ലെയിട്ടണ്‍ സില്‍വയാണ് ജയം ഉറപ്പിച്ചത്.
തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം നേടിയ ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ബെംഗളൂരിനേക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സാണ് നാലാമത്. ഒഡീഷയാകട്ടെ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
Also Read: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ഞെട്ടിച്ച് ഇന്ത്യയുടെ പ്രജ്ഞാനന്ദ