ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ എടികെ മോഹന്‍ ബഗാന് മൂന്നാം ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ എടികെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. സീസണിലെ അഞ്ചാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ വി. പി. സുഹൈറിലൂടെ നോര്‍ത്ത്ഈസ്റ്റ് മുന്നിലെത്തി. ഗോള്‍ വഴങ്ങിയെങ്കിലും പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം എടികെയായിരുന്നു ആധിപത്യം സ്ഥാപിച്ചത്. നോര്‍ത്ത്ഈസ്റ്റിന്റെ ഗോള്‍ മുഖത്തേക്ക് പലതവണ ഷോട്ടുതിര്‍ത്തിട്ടും എടികെയ്ക്ക് ലക്ഷ്യം പിഴയ്ക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാത്തിരുന്ന സമനില ഗോള്‍ എടികെ നേടി. സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ ലിസ്റ്റണ്‍ കൊളാസോയായിരുന്നു ഗോള്‍ നേടിയത്. 52-ാം മിനിറ്റില്‍ ബാവുമസിലൂടെ എടികെ ലീഡെടുത്തു. 76-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും ബാവുമസ് കണ്ടെത്തിയതോടെ നോര്‍ത്ത്ഈസ്റ്റിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.
87-ാം മിനിറ്റില്‍ മഷൂര്‍ ഷെരീഫിലൂടെ നോര്‍ത്ത്ഈസ്റ്റ് ഒരു ഗോള്‍ മടക്കി. പക്ഷെ സമനിലഗോളിനായുള്ള നോര്‍ത്ത്ഈസ്റ്റിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം രണ്ട് സമനിലയും ഒരു ജയവുമായി എടികെ സീസണില്‍ തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാല്‍ അഞ്ചാം തോല്‍വി നോര്‍ത്ത്ഈസ്റ്റിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
Also Read: പോരാട്ടം തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ചെന്നൈയിന്‍