പനാജി: ഐഎസ്എല്‍ എട്ടാം പതിപ്പില്‍ തുടര്‍ തോല്‍വികള്‍ക്കും സമനിലകള്‍ക്കും ശേഷം എടികെ മോഹന്‍ ബഗാന്‍ വിജയവഴിയില്‍ തിരിച്ചെത്തി. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എടികെയ്ക്കായി ലിസ്റ്റണ്‍ കൊളാസോയും റോയ് കൃഷ്ണയുമാണ് ലക്ഷ്യം കണ്ടത്. ജോര്‍ജെ മെന്‍ഡോസയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.
കളത്തില്‍ എടികെയെക്കാള്‍ മികവ് പുലര്‍ത്തിയത് ഗോവയായിരുന്നു. 54 ശതമാനം പന്തടക്കവും 14 ഷോട്ടുകളുമായി കളം നിറഞ്ഞു. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല എന്നതാണ് തിരിച്ചടിയായത്. 23-ാം മിനിറ്റില്‍ ലിസ്റ്റിന്‍ കൊളാസോയിലൂടെ എടികെ മുന്നിലെത്തി. ടങ്ക്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
56-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ എടികെയുടെ ലീഡ് രണ്ടായി ഉയര്‍ത്തി. ഹ്യൂഗൊ ബാവുമസായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ മടക്കുന്നതിനായി ഗോവന്‍ താരങ്ങള്‍ എടികെ ഗോള്‍മുഖം നിരന്തരം ആക്രമിച്ചു. 81-ാം മിനിറ്റില്‍ മെന്‍ഡോസയിലൂടെ ഗോവ ഒരു ആശ്വാസ ഗോള്‍ കണ്ടെത്തി.
ജയത്തോടെ എടികെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി. സീസണിലെ നാലാം തോല്‍വി നേരിട്ട ഗോവ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സി ബംഗലൂരു എഫ് സിയെ നേരിടും.
Also Read: IND vs SA First Test, Day 4: ഇന്ത്യ 174 ന് പുറത്ത്; ദക്ഷിണാഫ്രക്കയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം