ഐഎസ്എൽ ഏഴാം സീസണിലെ രണ്ടാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ജയമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്ന് എതിരാളികൾ. ഇന്ത്യൻ സമയം 7.30 നാണ് മത്സരം.

വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ഇന്ന് ലക്ഷ്യമിടുന്നില്ല. തുടർച്ചയായി രണ്ടാം മത്സരം കൂടി തോറ്റാൽ അത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും തിരിച്ചടിയാകും.

Read Also: ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും വരും മത്സരങ്ങളിൽ എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ കരുതിയിരിക്കണം?

മുന്നേറ്റ നിര മികവ് പുലർത്താത്തതാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യ മത്സരത്തിൽ വിനയായത്. മികച്ച മുന്നേറ്റം നടത്തിയിട്ടും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് സാധിച്ചില്ല.

പ്രതിരോധനിര മികവ് പുലർത്തുന്നതുപോലെ മുന്നേറ്റനിരയും ഉയർന്നാൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകും. മുന്നേറ്റത്തിലും മധ്യനിരയിലും കൂടുതല്‍ ഊര്‍ജവുമായി കളിക്കുന്ന തരത്തില്‍ കളിക്കാരെ അണിനിരത്തും.

യുവതാരം റിത്വിക് ദാസും, സഹല്‍ അബ്‌ദുൾ സമദും ആദ്യ മത്സരത്തിൽ മോശം പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഇലവനിൽ സഹൽ ഇടംപിടിച്ചേക്കില്ല.

അതേസമയം, ആദ്യ മത്സരത്തിൽ വിജയിച്ച നോർത്ത് ഈസ്റ്റ് ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളത്തിലിറങ്ങുക. ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെയാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook