ഗോവ: ഐഎസ്എല്ലിലെ വാശിയേറിയ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്ക് വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗോവയുടെ മുന്നേറ്റം. ഹെെദരബാദിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവ വിജയം പിടിച്ചെടുത്തത്. മത്സരം പൂർത്തിയാകാൻ വെറും അഞ്ച് മിനിറ്റ് ശേഷിക്കെയാണ് ഗോവ രണ്ട് ഗോളുകൾ നേടിയത്.

ആദ്യ പകുതി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതി ആവേശോജ്വലമായിരുന്നു. 58-ാം മിനിറ്റിൽ സാന്റാനയിലൂടെ ഹൈദരബാദ് ആദ്യ ഗോൾ നേടി. എതിരില്ലാത്ത ഒരു ഗോളിന് ജയിക്കുമെന്ന് ഹൈദരബാദ് പ്രതീക്ഷിച്ച നേരത്താണ് വെള്ളിടി പോലെ രണ്ട് ഗോളുകൾ പിറക്കുന്നത്. 87-ാം മിനിറ്റിലാണ് ഇഷാൻ പൻഠിറ്റയിലൂടെ ഗോവ സമനില ഗോൾ നേടിയത്. അതിന്റെ ഞെട്ടൽ തീരുംമുൻപ് തന്നെ ഹൈദരബാദിന്റെ വല വീണ്ടും കുലുങ്ങി. ഇഗോർ ആൻഗുലയിലൂടെ 91-ാം മിനിറ്റിൽ ഗോവ രണ്ടാം ഗോളും സ്വന്തമാക്കി.

ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഗോവ നില മെച്ചപ്പെടുത്തി. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഗോവ. അതേസമയം, ഇന്ന് തോൽവി വഴങ്ങേണ്ടി വന്ന ഹെെദരബാദ് എട്ടാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook