ഫുട്‌ബോൾ ആരാധകർക്ക് ഇനി ആഘോഷരാവ്. ഇന്ത്യൻ പ്രീമിയർ ലീഗിന് പിന്നാലെ കായിക പ്രേമികളെ ഹരംകൊള്ളിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് മുതൽ. ഐഎസ്എൽ ഏഴാം സീസണിലെ ആദ്യപോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ബാംബോലിം ജി.എം.സി. സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഉദ്ഘാടനം മല്‍സരം. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യം കായികമല്‍സരത്തിന് വേദിയാകുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ എല്ലാ ഐഎസ്എൽ മത്സരങ്ങളും ഗോവയിൽ നടത്താൻ തീരുമാനിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാൻ മത്സരത്തോടെ ഐഎസ്‌എൽ ആവേശത്തിനു തുടക്കമാകുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് എല്ലാ സീസണിലും ഗ്യാലറികളെ ഇളക്കി മറിച്ചിരുന്ന ആരാധക കൂട്ടം ഇത്തവണ സ്റ്റേഡിയത്തിന് പുറത്താണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിൽ ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

മൂന്ന് വേദികളിലായാണ് മത്സരങ്ങൾ. ജിഎംസി സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ആരംഭിക്കുന്നത് ഇന്ത്യൻ സമയം 7.30നാണ്.

Read Also: ‘ഇത് കളം വേറെയാണ്’; ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികുനയ്ക്ക് മുന്നറിയിപ്പുമായി അന്റോണിയോ ഹബാസ്

സ്റ്റാർ നെറ്റ്‌വർക്കാണ് ഐഎസ്എല്ലിന്റെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. ഇന്ത്യയിൽ സ്റ്റാർ സ്പോർട്‌സ് 1 എസ്‌ഡി, സ്റ്റാർ സ്പോർട് 1 എച്ച്ഡി, സ്റ്റാർ സ്പോർട്‌സ് 2 എസ്‌ഡി, സ്റ്റാർ സ്പോർട്‌സ് 2 എച്ച്ഡി എന്നീ ചനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടുകൂടി ഐഎസ്എൽ മത്സരങ്ങൾ കാണാം.

പ്രാദേശിക ഭാഷകളിലെ കമന്ററി ഇത്തവണയും ഐഎസ്എൽ മത്സരങ്ങളുടെ മാറ്റുകൂട്ടുമെന്നുറപ്പാണ്. മലയാളത്തിൽ ഏഷ്യനെറ്റ് പ്ലസിലും ഏഷ്യനെറ്റ് മൂവിസിലുമാണ് ഐഎസ്എൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഹിന്ദിയിൽ സ്പോർട്സ് 1 എസ്ഡി, സ്റ്റാർ സ്പോർട് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി എന്നീ ചനലുകളിലും മത്സരങ്ങൾ കാണാം.

മറ്റ് പ്രാദേശിക ചാനലുകൾ: സ്റ്റാർ സ്പോർട്സ ബാംഗ്ല, സ്റ്റാർ സ്പോർട്സ് കന്നഡ, സ്റ്റാർ സ്പോർട്സ് തമിഴ്, സ്റ്റാർ സ്പോർട്സ് തെലുങ്കു, സ്റ്റാർ സ്പോർട്സ് മറാത്തി.

മത്സരങ്ങൾ ഓൺലൈനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ വിഐപി അക്കൗണ്ട് വഴിയും ജിയോ ടിവിയിലും കാണാൻ സാധിക്കും.യപ്പ് ടിവിയിലൂടെ യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുള്ളവർക്കും ഐഎസ്എൽ മത്സരങ്ങൾ കാണാം. മിഡിൽ ഈസ്റ്റിലും ഏഷ്യനെറ്റ് പ്ലസിലാണ് ഐഎസ്എൽ സംപ്രേഷണം. ഓസ്ട്രേലിയയിൽ ഫോക്സ് സ്‌പോർട്സിലും അമേരിക്കയിലും കാനഡയിലും ഇഎസ്പിഎന്നിലും മത്സരങ്ങൾ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook